മുൻ കാമുകനിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി നീതി ടെയ്ലർ

മുംബൈ: മുൻ കാമുകനിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ ടെലിവിഷൻ താരം നീതി ടെയ്ലർ . അയാൾ കടുത്ത അക്രമാസക്തനും ഒരു മനോരോഗിയെപ്പോലെ പെരുമാറുന്ന വ്യക്തിയുമായിരുന്നുവെന്ന് നീതി വെളിപ്പെടുത്തി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൻ്റെ ‘അലയൻസ്’ എന്ന റിയാലിറ്റി ഷോയ്ക്കിടയിലാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ. മുൻ കാമുകൻ ഒരിക്കൽ സിഗരറ്റ് കുറ്റി കൊണ്ട് കുത്തി തൻ്റെ തുടയിൽ പൊള്ളിച്ചുവെന്ന്, അതിൻ്റെ പാടുകൾ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊണ്ട് നീതി വ്യക്തമാക്കി.
തൻ്റെ കരിയറിൻ്റെ തുടക്കകാലത്ത് അയാള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നടി പറയുന്നു. തുടയിൽ പൊള്ളലേല്പ്പിച്ചതോടെയാണ് ആ മാരകമായ ബന്ധത്തില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറാന് താന്‍ തീരുമാനിച്ചതെന്നും നീതി വെളിപ്പെടുത്തി. “എൻ്റെ മുന്‍ കാമുകന് ഒരിക്കല്‍ എന്നെ സിഗരറ്റ് കൊണ്ട് ക്രൂരമായി പൊള്ളിച്ചു. അയാള്‍ എപ്പോഴും അക്രമാസക്തനായി ഭ്രാന്തമായി പെരുമാറുന്നയാളുമായിരുന്നു. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ എന്തെന്നില്ലാത്ത കാര്യത്തിന് അയാൾക്ക് ഭ്രാന്ത് പിടിച്ചതുപോലെയായി. കാര്യങ്ങള്‍ കൈവിട്ടുപോയി. അയാള്‍ എന്നെ ക്രൂരമായി അടിച്ചു, അതിനുശേഷം ഞാന്‍ ‘ഗുഡ്ബൈ’ എന്ന് പറഞ്ഞ് എങ്ങനെയോ രക്ഷപ്പെട്ട് അവിടെനിന്നിറങ്ങി,” താരം റിയാലിറ്റി ഷോയിൽ വ്യക്തമാക്കി.അക്കാലത്ത് താൻ പ്രായക്കുറവുള്ള വെറുമൊരു കുട്ടിയായിരുന്നുവെന്നും, എളുപ്പത്തില്‍ മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യതയുള്ള പ്രായമായതിനാല്‍ ചുറ്റുമുള്ള ആളുകളുടെ യഥാർത്ഥ സ്വഭാവം ശരിയായി വിലയിരുത്തുന്നതില്‍ തനിക്ക് പരാജയം സംഭവിച്ചുവെന്നും നീതി സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് കൂട്ടിച്ചേര്‍ത്തു. ഈ കയ്പ്പേറിയ സംഭവത്തിന് ശേഷം സൈനിക ഉദ്യോഗസ്ഥനായ പരിക്ഷിത് ബാവയുമായി നീതി പ്രണയത്തിലാവുകയും 2020-ൽ ഇരുവരും ഔദ്യോഗികമായി വിവാഹിതരാകുകയും ചെയ്തു. എന്നാൽ, നീതിയും ഭര്‍ത്താവും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും ഉടൻ പിരിയാന്‍ പോകുന്നുവെന്നുമുള്ള ചില അഭ്യൂഹങ്ങള്‍ ഇടക്കാലത്ത് മാധ്യമങ്ങളിൽ ശക്തമായിരുന്നു.
വിവാഹമോചന വാർത്തകളോട് ഇരുവരും ഇത്രയും കാലം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. പൊതുവേദിയിൽ പ്രതികരിക്കാതിരുന്നതിനെക്കുറിച്ചും നടി ഇതേ റിയാലിറ്റി ഷോയില്‍ മനസ്സ്തുറന്നു. “നിങ്ങള്‍ ഒരു കാര്യത്തോട് പ്രതികരിക്കാതിരിക്കുമ്പോള്, അതുതന്നെയാണ് അതിനുള്ള ഏറ്റവും വലിയ മറുപടി. നിങ്ങളെ ബാധിക്കുന്ന രീതിയിൽ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍, പൊതുസമൂഹത്തിന് മുന്നിൽ നിങ്ങള്‍ യാതൊരു വിശദീകരണവും നല്‍കേണ്ടതില്ല,” വേര്‍പിരിയല്‍ അഭ്യൂഹങ്ങളെ കുറിച്ച് നടി പക്വതയോടെ പറഞ്ഞു നിർത്തി.