ശബരിമല സ്വർണക്കൊള്ള : എസ്ഐടി തന്നെ ഇതുവരെ വിളിച്ചിട്ടില്ല എന്ന കാര്യം ആവർത്തിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന തരത്തിലുള്ള വാർത്തകൾക്കും എതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് രംഗത്തെത്തി. തന്നെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്യലിനായി ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും ചാനലുകളിലൂടെയാണ് താൻ ഈ വിവരം അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരിയിൽ ഉണ്ടായിരുന്ന സമയത്താണ് ഒരു ചാനലിലൂടെ താൻ ഇക്കാര്യം അറിഞ്ഞതെന്നും അപ്പോൾ തന്നെ തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. എസ്ഐടി തന്നെ വിളിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം ആവർത്തിച്ചു. ചാനലുകൾ പറയുന്നതനുസരിച്ച് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകേണ്ട കാര്യമില്ല. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ എവിടെ വേണമെങ്കിലും ഹാജരാകാൻ താൻ തയാറാണ്. തനിക്ക് ഇക്കാര്യത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീക്കത്തിന് പിന്നിൽ പി ശശി:
തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് അടൂർ പ്രകാശ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. പി ശശി മെനഞ്ഞെടുത്ത പുതിയൊരു പണി ആണിതെന്നും നേരിട്ട് അറിയിക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തും എത്താൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്ക് ഈ വിഷയത്തിൽ യാതൊരു ഭയമോ ആശങ്കയോ ഇല്ല. ചാനലുകളിലെ വാർത്തകൾ കണ്ടാൽ താൻ അപ്പോൾ തന്നെ അറസ്റ്റിലാകുമെന്ന് തോന്നുമായിരുന്നു. എന്നാൽ താൻ ശിവഗിരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയും അവിടെ മറ്റൊരു ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. താൻ ഇവിടെത്തന്നെയുണ്ടെന്നും ഒളിച്ചോടിയിട്ടില്ലെന്നും ബോധ്യപ്പെടുത്താനാണ് ഈ പരിപാടികളിൽ പങ്കെടുത്തത്. അല്ലെങ്കിൽ താൻ ഒളിവിലാണെന്ന് വാർത്തകൾ വരുമെന്നും അദ്ദേഹം പരിഹസിച്ചു.എസ്ഐടിക്ക് മുന്നിൽ ഹാജരാകുന്നതിന് മുൻപ് മാധ്യമങ്ങളെ കാര്യങ്ങൾ അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അനുവദിക്കുകയാണെങ്കിൽ മാധ്യമങ്ങളെയും കൂടെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് മുൻപ് തന്നെ താൻ പറയാൻ പോകുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തും. തനിക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയോജക മണ്ഡലത്തിലെ വോട്ടർ
സോണിയ ഗാന്ധിയെ കാണാൻ പ്രതികൾക്ക് അവസരമൊരുക്കിയത് അടൂർ പ്രകാശാണെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. താൻ അങ്ങനെയൊരു അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടില്ലെന്നും മാധ്യമങ്ങൾക്ക് അത് പരിശോധിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ അവിടെ പോയിരുന്നു എന്നത് സത്യമാണ്. അത് മറച്ചുവയ്ക്കുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി തൻ്റെ ലോക്സഭ മണ്ഡലത്തിലെ വോട്ടറാണ്. അയാൾ കള്ളനാണെന്നോ കൊള്ളക്കാരനാണെന്നോ അറിഞ്ഞുകൊണ്ടല്ല താൻ ഇടപെട്ടത്.ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട് തന്നെ ക്ഷണിച്ചപ്പോൾ താൻ അവിടെ പോവുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യഥാർഥ്യമാണ്. ചോദ്യം ചെയ്യലിനായി എവിടെ വിളിച്ചാലും താൻ എത്തും. പാർട്ടിയുടെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളിൽ അസൗകര്യമുണ്ടാകാം എങ്കിലും സൗകര്യപ്രദമായ ഏത് ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയാറാണ്. താൻ എങ്ങോട്ടും ഒളിച്ചോടി പോകില്ലെന്നും തൻ്റെ മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
https://www.worldm.news/latest-news/mystery-in-pottis-meeting--13458