ആഗോള അയ്യപ്പസംഗം :"പ്രസാദം നൽകിയതിന് കണക്കില്ല; 50 കിടക്കകൾ കാണാനില്ല,കണക്കുകളിൽ പൊരുത്തക്കേട് " : ഹൈക്കോടതി

ആഗോള അയ്യപ്പസംഗം :"പ്രസാദം നൽകിയതിന് കണക്കില്ല; 50 കിടക്കകൾ കാണാനില്ല,കണക്കുകളിൽ പൊരുത്തക്കേട് " :  ഹൈക്കോടതി

എറണാകുളം :ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ്- ചെലവ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്ന് കോടതി കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത രണ്ട് കോടി രൂപ തിരിച്ചടച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ ആഗോള അയ്യപ്പസംഗമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവേ കണക്കുകള്‍ കൃത്യമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതിക്ക് മുന്നിലെത്തിയ കണക്കുകളില്‍ വന്‍ പൊരുത്തക്കേടെന്നാണ് കോടതിയുടെ വിമര്‍ശനം. ബില്ലും വാങ്ങിയ സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സംഗമത്തിന് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ലെന്നും കോടതി വിമര്‍ശിച്ചു. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ല. ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു.