അഹമ്മദാബാദ് സ്ഫോടന പരമ്പര: 3 മലയാളികൾ ഉൾപ്പെടെ 38 പേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

അഹമ്മദാബാദ് സ്ഫോടന പരമ്പര: 3 മലയാളികൾ ഉൾപ്പെടെ 38 പേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

അഹമ്മദാബാദ്: 2008ൽ 56 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. പതിനൊന്ന് പേരുടെ ജീവപര്യന്തം ശിക്ഷയും ജസ്റ്റിസ് അൽപേഷ് കോഗ്ജെ, ജസ്റ്റിസ് സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന വിധി.കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബ്‌ലി, സാദുലി, മലപ്പുറം പെരുവള്ളൂർ സ്വദേശി ശറഫുദ്ദീൻ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികൾ. ഇതിനുപുറമെ ആലുവ സ്വദേശിയായ ഒരാളുടെ ജീവപര്യന്തം ശിക്ഷയും കോടതി ശരിവച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകണം. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പട്ടേൽ വ്യക്തമാക്കി. അഹമ്മദാബാദിലും സൂറത്തിലും ബോംബ് സ്ഥാപിച്ചതിൻ്റെ ഗൂഢാലോചന തെളിയിക്കുന്ന ശക്തമായ തെളിവുകൾ സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. സാങ്കേതികവും രേഖാമൂലമുള്ളതുമായ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി പൂർണമായും ശരിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്ത് പൊലീസ്, ക്രൈംബ്രാഞ്ച്, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവ തമ്മിലുള്ള മികച്ച ഏകോപനത്തിൻ്റെ ഉദാഹരണമാണ് ഈ അന്വേഷണമെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അഭയ്സിങ് ചുഡാസമാ പറഞ്ഞു. ബോംബ് നിർമാണ കേന്ദ്രങ്ങൾ, പരിശീലനം, ഗ്യാസ് സിലിണ്ടറുകൾ വാങ്ങിയ വിവരങ്ങൾ, മൊബൈൽ കോൾ രേഖകൾ, പ്രതികളുടെ ശൃംഖല എന്നിവയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണത്തിൽ ശേഖരിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഇന്ത്യൻ മുജാഹിദീൻ്റെ ഭീകര ശൃംഖലയെ തുറന്നുകാട്ടാൻ ഈ കേസ് സഹായിച്ചു.