എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ ജോലി രാജിവച്ചു

മുംബൈ: നാല് വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചു. കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അലോക് സിങ്ങ് മാർച്ച് 19 ന് രാജിവച്ചതിന് പിന്നാലെയാണിത്.തുടർന്ന് പുതിയ സിഇഒയെ കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ബോർഡ് ഒരു കമ്മിറ്റി രൂപീകരിച്ചതായി എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വിൽസൻ്റെ സംഭാവനകളെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എയർ ഇന്ത്യ നിരവധി മേഖലകളിൽ പുരോഗതി കൈവരിച്ചതായും എടുത്ത് പറഞ്ഞു. എയർ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ ഏറെയാണെന്നും പരാമർശിച്ചു.
എന്നാൽ എയർ ഇന്ത്യയുടെ ഉയർച്ചയുടെ അടുത്ത ഘട്ടത്തിനുള്ള നിയന്ത്രണം കൈമാറാൻ സമയമായി എന്നാണ് കാംബൽ വിൽസണിൻ്റെ മറുപടി. കഴിഞ്ഞ വർഷം പികിസ്ഥാൻ വ്യോമാതിർത്തി അടച്ച് പൂട്ടിയതിനെത്തുടർന്ന്, എയർലൈൻ 4,000 കോടിയിലധികം രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നും വിൽസൺ പറഞ്ഞു. നേരത്തെ 2026 ൽ സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 2024 ൽ കാംബെൽ വിൽസൺ എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിംഗപ്പൂർ എയർലൈൻസ് വിട്ട് 2022 സെപ്തംബറിലാണ് എയർഇന്ത്യയുടെ നിയന്ത്രണം കാംബെൽ വിൽസൺ ഏറ്റെടുക്കുന്നത്. ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ, അഞ്ച് വർഷത്തെ സമഗ്ര പരിവർത്തന പദ്ധതികൾ ആവിഷ്ക്കരിച്ചു. ഇതേത്തുടർന്ന് ഉപഭോക്തൃ അനുഭവം, ശക്തമായ പ്രവർത്തനങ്ങൾ, വ്യവസായത്തിലെ മികച്ച കഴിവുകൾ, വ്യവസായ നേതൃത്വം, വാണിജ്യ കാര്യക്ഷമത, ലാഭക്ഷമത എന്നിവയിലെല്ലാം നേട്ടങ്ങൾ കൈവരിച്ചു. ഇത് എയർ ഇന്ത്യയുടെ വളർച്ചയ്ക്ക് നാഴികക്കല്ലായി. സാങ്കേതികവിദ്യ, സുസ്ഥിരത, നവീകരണം എന്നിവയിൽ നേതൃസ്ഥാനം നേടുകയും മികച്ച വ്യവസായ പ്രതിഭകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു.
പ്രതിസന്ധികൾക്കിടയിലെ വിമർശനങ്ങൾ
കഴിഞ്ഞ വർഷം ജൂണിൽ എയർ ഇന്ത്യ AI171 വിമാനം അപകടത്തിൽപ്പെട്ടതുൾപ്പെടെ നിരവധി പ്രതിസന്ധികൾ ഈ വിമാനക്കമ്പനി നേരിട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണു. 241 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജൂൺ 12 മുതൽ വിൽസൺ വിമർശനത്തിന് വിധേയനായിരുന്നു. വിവിധ നിയന്ത്രണ പിഴവുകളും വിൽസണിനെതിരെ ആരോപിക്കപ്പെട്ടിരുന്നു.