സംസ്ഥാനത്ത് 'ഓപ്പറേഷൻ ടൈഗർ'; ഉദ്ധവിനെ ഉപേക്ഷിച്ച് 16 എംഎൽഎമാരും 7 എംപിമാരും ശിന്ദേ പക്ഷത്തേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും നാടകീയ രംഗങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുന്നു.  ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന  വിഭാഗത്തിലെ 16 എംഎൽഎമാരും7എംപിമാരും ഉപമുഖ്യമന്ത്രി ഏക്‌നാഥ്ശിന്ദേ യുടെ പക്ഷത്തേക്ക് മാറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ . 'ഓപ്പറേഷൻ ടൈഗർ' എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കത്തിൻ്റെ അന്തിമഘട്ട ചർച്ചകൾ പൂർത്തിയായതായി ശിന്ദേ വിഭാഗം നേതാവും എംഎൽസിയുമായ കൃപാൽ തുമാനെ അവകാശപ്പെട്ടു.മഴക്കാല സമ്മേളനത്തിന് ശേഷമായിരിക്കും ഓപ്പറേഷൻ ടൈഗർ ആരംഭിക്കുകയെന്ന് കൃപാൽ തുമാനെ വ്യക്തമാക്കി. നേതാക്കൾ ശിന്ദേ വിഭാഗത്തിലേക്ക് മാറുന്ന തീയതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് ഓപ്പറേഷൻ ടൈഗറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാണ്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ശിവസേന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ശിന്ദേ യോട് ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

2022ൽ നടന്ന വിമത നീക്കത്തിന് നാല് വർഷത്തിന് ശേഷമാണ്  ഉദ്ധവ്ശിവസേനയിൽ  വീണ്ടും പിളർപ്പിന് സാധ്യത തെളിയുന്നത്. പാർട്ടിയിലെ  ചില എംപിമാർ ഭരണപക്ഷവുമായി സമ്പർക്കത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഉദ്ധവ് താക്കറെ തൻ്റെ വസതിയായ 'മാതോശ്രീ'യിൽ എംപിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നവരെ നിർബന്ധിച്ച് പിടിച്ചുനിർത്തുന്നതിൽ എന്താണ് അർഥമെന്ന് യോഗത്തിൽ ഉദ്ധവ് താക്കറെ ചോദിച്ചതായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയുണ്ട്.

"ശിവസേനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു":പ്രതാപ് സർനായിക് 

ഓപ്പറേഷൻ ടൈഗർ എന്നത് നിരന്തരം നടക്കുന്ന ഒരു പ്രക്രിയയാണെന്ന് മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. ഏതെങ്കിലും കൗൺസിലറോ എംഎൽഎയോ എംപിയോ പാർട്ടിയിലേക്ക് വരുന്നതിനെ മാത്രമല്ല 'ഓപ്പറേഷൻ ടൈഗർ 'എന്ന് വിളിക്കുന്നത്. ഒരു സാധാരണ പ്രവർത്തകൻ പാർട്ടിയിൽ ചേരുന്നതും തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കാത്ത എല്ലാവർക്കുമായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഏക്‌നാഥ് ശിന്ദേയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് 40 എംഎൽഎമാരടങ്ങുന്ന തങ്ങളുടെ സംഘം അദ്ദേഹത്തോടൊപ്പം ചേർന്നത്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെങ്കിലും, ശിന്ദേയുടെ നേതൃത്വം അംഗീകരിക്കുന്നവർക്കായി ശിവസേനയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും പ്രതാപ് സർനായിക് കൂട്ടിച്ചേർത്തു. എന്നാൽ പാർട്ടിയുടെ സ്ഥാപക ദിനത്തെ പുതിയ ആളുകൾ ചേരുന്നതുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അവർക്കായി വാതിലുകൾ ഒരിക്കലും അടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ലോക്‌സഭയിൽ ശിവസേന- ഉദ്ദവ് വിഭാഗത്തിന് 9എംപിമാരാണുള്ളത്. ഇവരിൽ 6പേർ ഏക്‌നാഥ് ശിന്ദേയുമായി സമ്പർക്കത്തിലാണെന്നാണ് സൂചന.  പാർലമെൻ്ററി പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ, അതായത് ആറ് എംപിമാർ ചേർന്ന് പുതിയൊരു ഗ്രൂപ്പ് രൂപീകരിക്കുകയും എൻഡിഎയ്ക്ക് പിന്തുണ നൽകാൻ തീരുമാനിക്കുകയും ചെയ്താൽ, അവർ എൻഡിഎയിലെ ഏതെങ്കിലും പാർട്ടിയിൽ ലയിക്കേണ്ടി വരും. അല്ലാത്തപക്ഷം അവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ അംഗങ്ങളുടെ എണ്ണം മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതലാണെങ്കിൽ പാർട്ടിക്ക് നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. ഈ കണക്കുകൂട്ടലിൻ്റെ അടിസ്ഥാനത്തിൽ, ഏഴ് എംപിമാരടങ്ങുന്ന ഒരു ഗ്രൂപ്പ് പുതിയൊരു വിഭാഗം രൂപീകരിക്കുകയാണെങ്കിൽ, അവർക്ക് മറ്റൊരു പാർട്ടിയിൽ ലയിക്കാൻ സാധിക്കുമെന്നുമാണ്  ഇതിനെക്കുറിച്ച്  മുൻ നിയമസഭാ സെക്രട്ടറി അനന്ത് കൽസെ നൽകിയ വിശദീകരണം .