"ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് " : അഭിജീത് ദിപ്കെ

"ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് " : അഭിജീത് ദിപ്കെ

മുംബൈ : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്‌പൂരിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നാഗ്പുരിലെ സംവിധാൻ സ്ക്വയറിൽ ഇന്ന്  വൈകിട്ട് നാലിന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാവിലെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ആർ.എസ്.എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ്

തിങ്കളാഴ്ച ജയ്‌പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് അനുയായികൾ അദ്ദേഹത്തെ തോളിലേറ്റി കൊണ്ടുപോകുന്നതിനിടെ ജനക്കൂട്ടത്തിനിടയിൽ നിന്ന് എത്തിയ രണ്ടുപേർ അദ്ദേഹത്തിൻ്റെ മുഖത്ത് തുടർച്ചയായി അടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ ആരാണെന്ന ചോദ്യത്തിന്, ആർ.എസ്.എസുമായി ബന്ധമുള്ള ചിലരാണെന്നും ഇതിൽ പുതിയതായി ഒന്നുമില്ലെന്നുമായിരുന്നു ദിപ്കെയുടെ മറുപടി. സർക്കാരിനോടോ അവരുടെ ആശയങ്ങളോടോ ആരെങ്കിലും എതിർത്ത് സംസാരിച്ചാൽ അവർ എക്കാലവും ഇങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അതുകൊണ്ടാണോ അവർ ഇന്നലെ തന്നെ ആക്രമിച്ചത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ഭയമില്ല,പ്രതിഷേധവുമായി മുന്നോട്ടുതന്നെ 

യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാർഥികളുടെ ശബ്ദം ഇല്ലാതാക്കാനുമാണ് തനിക്ക് നേരെയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നയിക്കുന്ന വിഷയങ്ങളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും എത്ര വേണമെങ്കിലും ആക്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധം തുടരും. ഒരു കോടിയിലധികം വിദ്യാർഥികൾക്കാണ് അനീതി നേരിടേണ്ടി വന്നത്. ഇതിൻ്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.worldm.news/national/abhijeet-deepke-slapped-in--30055