ടയർ തകർന്നു : എയര്‍ ഇന്ത്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്, ഒഴിവായത് വൻ ദുരന്തം

എറണാകുളം: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും കോഴിക്കോടേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 398) സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്‍റെ ടയറുകൾ തകരാറിലായതിനെ തുടർന്ന് നടത്തിയ അടിയന്തര ലാൻഡിംഗിലൂടെ ഒഴിവായത് വൻ വിമാന ദുരന്തമാണ്. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിമാനത്തിലെ 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ (CIAL) അധികൃതർ അറിയിച്ചു.ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന്‍റെ വലത് മെയിൻ ലാൻഡിങ് ഗിയറിലെ സാങ്കേതിക തകരാറും ടയറിലെ തകരാറുമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സിയാലിന്‍റെ ആധുനിക സംവിധാനങ്ങളും മുൻപരിചയവും പരിഗണിച്ചാണ് കോഴിക്കോടിന് പകരം അടിയന്തര ലാൻഡിംഗിനായി കൊച്ചി തിരഞ്ഞെടുത്തത്.വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ട ഉടൻ തന്നെ വിമാനത്താവളത്തിൽ 'എമർജൻസി അലേർട്ട്' പ്രഖ്യാപിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ലാൻഡിങ്ങിന് ആവശ്യമായ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും സിയാൽ അധികൃതർ ഒരുക്കിയിരുന്നു.
ഇന്ന് രാവിലെ 09:07-ഓടെ പൂർണ്ണമായ അടിയന്തര സാഹചര്യങ്ങൾക്കിടയിൽ വിമാനം റൺവേയിൽ സുരക്ഷിതമായി തൊട്ടു. ലാൻഡിങ്ങിന് ശേഷമുള്ള പരിശോധനയിൽ വിമാനത്തിന്‍റെ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചതായി സ്ഥിരീകരിച്ചു.യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലാൻഡിങ്ങിന് ശേഷം റൺവേ പരിശോധിച്ച് ക്ലിയറൻസ് നൽകിയതോടെ എമർജൻസി അലേർട്ട് പിൻവലിക്കുകയും വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരെ കോഴിക്കോട് എത്തിക്കുന്നതിനായി ഉടൻ തന്നെ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.
ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ബാഹ്യ വസ്തുക്കളാൽ വിമാനത്തിന്‍റെ ടയറിന് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്ന് സംശയിക്കുന്നതിനാൽ ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയും മുൻകരുതൽ നടപടിയായി ലാൻഡിങ് നടത്തുകയായിരുന്നെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും റോഡ് മാർഗം കോഴിക്കോടേക്ക് എത്തിക്കും. ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന് ആവർത്തിക്കുന്നതായായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. അതേസമയം, ലാന്‍റിങ് സമയത്ത് വലിയ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു