കേരളത്തിൽ 10 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിപ്പിച്ച് അധികൃതർ.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തീവ്ര ന്യൂനമർദ്ദം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദം രൂപപെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
- ഓറഞ്ച് അലർട്ട്
- കോഴിക്കോട്
- കണ്ണൂർ
- കാസർകോട്
- യെല്ലോ അലർട്ട്
- ആലപ്പുഴ
- എറണാകുളം
- ഇടുക്കി
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- വയനാട്
കൂടാതെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 27 ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൻ്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. നാളെ (ഒക്ടോബർ 28) തീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുകയും മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയില്‍ വീശാനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് പറഞ്ഞു.
മത്സ്യബന്ധനത്തിന് വിലക്ക്
ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്‌ടോബർ 28 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഒക്‌ടോബർ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.