'അമ്മ' എത്ത്നിക്ക് ഫെസ്റ്റ് -സീസൺ -7, ഫെബ്രുവരി 20 മുതൽ വർളിയിൽ

'അമ്മ' എത്ത്നിക്ക് ഫെസ്റ്റ് -സീസൺ -7, ഫെബ്രുവരി 20 മുതൽ വർളിയിൽ

​മുംബൈ: ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈ മഹാനഗരത്തിൽ , കലാ സാംസ്‌കാരിക സമന്വയത്തിൻ്റെ പുതിയൊരു അദ്ധ്യായംകുറിച്ചുകൊണ്ട്  'ആൾ ഇന്ത്യാ മലയാളി അസ്സോസിയേഷൻ' (അമ്മ) തുടക്കമിട്ട  'എത്ത്നിക്ക് ഫെസ്റ്റ് ' ഏഴാം വർഷത്തിലേയ്ക്ക് കടന്നിരിക്കുന്നു. നെഹ്‌റു സയൻസ് സെന്ററു(വർളി )മായി ചേർന്നുകൊണ്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ്റെ   ഏഴാംപതിപ്പ്  വൈവിധ്യമാർന്ന പരിപാടികളോടെ ഫെബ്രു: 20, 21, 22 തീയതികളിൽ നടക്കും.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു സയൻസ് സെന്റർ അങ്കണത്തിൽ നടക്കുന്ന ഈ ത്രിദിന മേള രണ്ട് സംസ്ഥാനങ്ങളുടെയും കലാവൈവിധ്യങ്ങളുടെ മഹാസംഗമ വേദിയായിമാറും.​2015-ൽ തുടക്കം കുറിച്ച ഈ സാംസ്കാരിക മുന്നേറ്റം, പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മുംബൈ നഗരത്തിൻ്റെ ആഘോഷങ്ങളിലൊന്നായി ഇതും മാറിക്കഴിഞ്ഞിരിക്കയാണ്.ഓരോ വർഷവും സി.എസ്.ടി (CST) റെയിൽവേ സ്റ്റേഷനിൽ 'അമ്മ' ഒരുക്കാറുള്ള ജനകീയ പൂക്കളം പോലെ  എത്ത്നിക്ക് ഫെസ്റ്റും അതിരുകളില്ലാത്ത സംസ്‌കാരിക വിനിമയത്തിൻ്റെ മാതൃകയാകുന്നു എന്നതും ശ്രദ്ധേയമാണ്.

​കലയും വിഞ്ജാനവും കോർത്തിണക്കി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ 

​2015 മുതൽ കുട്ടികൾക്കായി ആരംഭിച്ച വിപുലമായ പരിപാടികളുടെ തുടർച്ചയായാണ് എത്ത്നിക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നടക്കുന്ന 'മിനി യൂത്ത് ഫെസ്റ്റിൽ' മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും രണ്ടായിരത്തോളം സ്കൂളുകളിലേക്ക് നെഹ്‌റു സയൻസ് സെന്റർ വഴി അയക്കുന്ന സർക്കുലർ പ്രകാരം  രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന പ്രതിഭകളാണ് മാറ്റുരയ്ക്കുക. ചിത്രരചന, പ്രസംഗം, ക്വിസ്, രംഗോളി, പൂക്കളം, ലാവണി, കോളി ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, എത്ത് നിക്ക് ഫാൻസി ഡ്രസ്സ്  ,നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളിൽ പകൽ സമയങ്ങളിൽ മത്സരങ്ങൾ നടക്കും.​വൈകുന്നേരങ്ങളിൽ നടക്കുന്ന കലാസന്ധ്യയിൽ ലാവണി, കോലി ഡാൻസ്, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ഇരു സംസ്ഥാനങ്ങളുടെയും തനത് കലാരൂപങ്ങൾ പ്രൊഫഷണൽ കലാകാരന്മാർ അവതരിപ്പിക്കും. വർളിയിൽ അരങ്ങേറുന്ന ഈ സാംസ്കാരിക വിരുന്നിനായി വലിയ കാത്തിരിപ്പാണ് നഗരത്തിലുള്ളത്.

അവസരം ലഭിക്കുന്നത് :

  • * മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും  തിരഞ്ഞെടുക്കുന്ന പ്രതിഭകൾക്ക്  മാത്രമായിരിക്കും ഈ മെഗാ സ്റ്റേജിൽ അവസരം ലഭിക്കുക.
  • *​പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
  • ‘*ആദ്യം വരുന്നവർക്ക് ആദ്യം’ (First-come, first-served) എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ക്രമീകരിക്കുന്നത്. അതിനാൽ പരിപാടി കാണാൻ എത്തുന്നവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കാവുന്നതാണ്.



ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഒരു ദേശീയോദ്ഗ്രഥന വേദി: ജോജോ തോമസ്

​"കേവലം ഒരു ആഘോഷം എന്നതിലുപരി, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഒരു ദേശീയോദ്ഗ്രഥന വേദിയായാണ് ഞങ്ങൾ ഇതിനെ വിഭാവനം ചെയ്യുന്നത്" : മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജോജോ തോമസ് പറഞ്ഞു. മഹാരാഷ്ട്രയുടെയും കേരളത്തിന്റെയും പൈതൃകങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്നതിലൂടെ മഹാനഗരത്തിലെ ജനങ്ങൾക്കിടയിൽ പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. പുതുതലമുറയ്ക്ക് നമ്മുടെ കലകളെ പരിചയപ്പെടുത്താനും മികച്ച കലാകാരന്മാർക്ക് അർഹമായ അംഗീകാരം നൽകാനും ഈ വേദി എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിവിധ  സമാജം, സംഘടന മത്സരങ്ങളിൽ മികവ്പുലർത്തുന്നവർക്കും ,വിവിധ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും  നെഹ്‌റു സയൻസ് സെന്ററിലെ ഗാലറികൾ സൗജന്യമായി സന്ദർശിക്കാനുള്ള സുവർണ്ണാവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള കലാകാരന്മാരും വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാം.

E MAIL: [email protected]

PH:  9920442272, 9821589956