ആര്‍എസ്എസ് കാര്യാലയത്തിലെ ആക്രമണം : അറസ്റ്റിലായവര്‍ക്ക് ഐഎസ്ഐ പിന്തുണയുള്ള ടിടിഎച്ചുമായി ബന്ധം

ആര്‍എസ്എസ് കാര്യാലയത്തിലെ ആക്രമണം : അറസ്റ്റിലായവര്‍ക്ക് ഐഎസ്ഐ പിന്തുണയുള്ള ടിടിഎച്ചുമായി ബന്ധം

റാഞ്ചി:   രാഷ്‌ട്രീയ സ്വയം സേവക് സംഘിന്‍റെ ഓഫീസ് കാര്യാലയത്തിൽ പെട്രോൾ ബോംബെറിഞ്ഞ കേസിൽ  അറസ്റ്റിലായ മൂന്ന് പേര്‍ക്കും ഐഎസ്ഐയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ താലിബാന്‍ ഹിന്ദുസ്ഥാനുമായി ബന്ധമുണ്ടെന്ന് സൂചന. സെയ്‌ഫ് അന്‍സാരി, അമന്‍ അന്‍സാരി,സായം സുജന്‍ എന്നിവരാണ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായതെന്ന് റാഞ്ചി എസ്‌എസ്‌പി രാകേഷ് രഞ്ജന്‍ അറിയിച്ചു.ഇവര്‍ ദുബായില്‍ വച്ചാണ് ഈ സംഘടനയില്‍ ചേര്‍ന്ന് പരിശീലനം നേടിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അറസ്റ്റിലായ സെയ്‌ഫ് അന്‍സാരിയും അമന്‍ അന്‍സാരിയും ദുബായില്‍ വന്നപ്പോള്‍ അവിടെ വച്ചാണ് പാകിസ്ഥാന്‍ പൗരനായ ഷഹബാസ് റാണ എന്ന ഭാട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ സംഘടനയുടെ ഭാഗമാകുകയും ടിടിഎച്ചിന്‍റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളല്‍ പങ്കാളികളാകാന്‍ ധാരണയിലെത്തുകയുമായിരുന്നുവെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.ദുബായില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തലവന്‍മാരുമായി ഇവര്‍ ബോട്ടിം, വാട്‌സ്‌ആപ്പ് തുടങ്ങിയവ വഴി നിരന്തരം ഇവര്‍ ബന്ധപ്പെട്ടിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും അത് ദുബായിലുള്ള ഇവരുടെ തലവന്‍മാര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്‌തു. സാങ്കേതിക തെളിവുകളുടെയും ഇവര്‍ ആക്രമണത്തിന് ഉപയോഗിച്ച റാപ്പിഡോ കാബിന്‍റെയും സഹായത്തോടെയാണ് പൊലീസ് ഇവരെ കുടുക്കിയത്. രക്ഷപ്പെട്ട ഇവരെ ബൊക്കാറോ, കൊദെര്‍മ പൊലീസിന്‍റെ സഹായത്തോടെയാണ് പിടിച്ചത്.

ഈ മാസം പതിനാറിനാണ് നിര്‍വാണപൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്.സംഘം ഇവിടേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. നാശനഷ്‌ടങ്ങളൊന്നുമുണ്ടായില്ലെങ്കിലും സംഭവത്തിന്‍റെ ഗൗരവം പരിഗണിച്ച് പൊലീസ് ഉടന്‍ വിഷയത്തില്‍ ഇടപെട്ടു. രാജ്യാന്തര ഭീകര ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ഝാര്‍ഖണ്ഡ് ഭീകരവിരുദ്ധ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും എസ്എസ്‌പി പറഞ്ഞു.

https://www.worldm.news/national/petrol-bomb-attack-on-rss--31206