റഷ്യയിൽ വാട്ട്‌സ്‌ആപ്പിന് വിലക്കേർപ്പെടുത്താൻ ശ്രമം: പ്രാദേശിക ആപ്പിനെ പിന്തുണയ്‌ക്കാനുള്ള നീക്കമെന്ന് മെറ്റ

മുംബൈ: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന് റഷ്യയിൽ രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ മേഖലയിലെ നിയന്ത്രണം കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായാണ് വാട്ട്‌സ്‌ആപ്പ് നിരോധനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് മെറ്റ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.മാത്രമല്ല, സർക്കാർ പിന്തുണയുള്ള തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ ആപ്പായ മാക്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് റഷ്യൻ സർക്കാർ രാജ്യത്തുടനീളം വാട്ട്‌സ്‌ആപ്പ് സേവനങ്ങൾ നിർത്തലാക്കാൻ ശ്രമിക്കുന്നതെന്നും വാട്ട്‌സ്ആപ്പ് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. രാജ്യത്തെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാട്ട്‌സ്ആപ്പ് പറഞ്ഞു.
റഷ്യയുടെ വാട്ട്‌സ്ആപ്പ് നിരോധനത്തിന് പിന്നിൽ
ഉപയോക്താക്കളെ ആഭ്യന്തര പ്ലാറ്റ്‌ഫോമുകളിലേക്ക് തള്ളിവിടാനാണ് റഷ്യൻ സർക്കാറിന്‍റെ നീക്കമെന്ന് മെറ്റ വക്താവ് പറഞ്ഞു. മാക്‌സിനെ "സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പ്" എന്നും വിശേഷിപ്പിച്ചു.വിദേശ സാങ്കേതിക കമ്പനികളുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് റഷ്യ വാട്ട്‌സ്ആപ്പ് നിരോധിക്കാനുള്ള നീക്കം തുടങ്ങുന്നത്. 2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിലെ അധിനിവേശത്തിനു ശേഷം, റഷ്യ അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. പകരം സർക്കാർ പിന്തുണയുള്ള ബദലുകൾ പ്രോത്സാഹിപ്പിച്ചു. നിയന്ത്രണവും സുരക്ഷയും സംബന്ധിച്ച നീക്കമാണിതെന്നാണ് അധികാരികൾ വ്യക്തമാക്കിയത്.അതേസമയം ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ മാക്‌സ് ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. എന്നാൽ റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾ ഈ ആരോപണങ്ങൾ പാടെ നിരസിച്ചു.
റഷ്യയിലെ 'സൂപ്പർ ആപ്പ്' മാക്‌സ് എന്താണ്?
സന്ദേശം അയക്കുന്നതിനുള്ള വിദേശ ആപ്പുകൾക്ക് ബദലെന്നോണം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സർക്കാർ പിന്തുണയുള്ള സൂപ്പർ-ആപ്പ് ആണ് മാക്‌സ്. 2025ൽ പുറത്തിറക്കിയ ആപ്പിന് സർക്കാർ പിന്തുണയുണ്ട്. ചൈനയുടെ മെസേജിങ് ആപ്പായ വീചാറ്റിന്‍റെ മാതൃകയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒന്നിലധികം സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കാൻ ഈ ആപ്പിലൂടെ സാധിക്കും.സർക്കാർ സേവനങ്ങൾ, ഡോക്യുമെന്‍റ് സ്റ്റോറേജ്, ബാങ്കിങ് ഉൾപ്പെടെ പൊതു-വാണിജ്യ ടൂളുകളിലേക്ക് വരെ മാക്‌സ് ആക്‌സസ് നൽകും. ടെക്സ്റ്റ് സന്ദേശങ്ങൾ, പണ കൈമാറ്റം, ഓഡിയോ, വീഡിയോ കോളുകൾ എന്നിവ പോലുള്ള ഫീച്ചറും ഇതിലുണ്ടാവും.
സർക്കാരിനെതിരായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും, രാജ്യത്തെ പൗരന്മാർ ഇന്‍റർനെറ്റിൽ എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. അതേസമയം പുതിയ ആപ്പ് ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനാണെന്നുള്ള അവകാശവാദം റഷ്യൻ സ്റ്റേറ്റ് മീഡിയ തള്ളി.റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ VKontakte (VK) ആണ് മാക്‌സ് വികസിപ്പിച്ചെടുത്തത്. ടെലിഗ്രാമിന്‍റെ സ്ഥാപകനായ പവൽ ഡുറോവ് സഹസ്ഥാപനമാണിത്. ഡുറോവ് ഓഹരികൾ വിറ്റഴിച്ച് 2014 റഷ്യ വിട്ടിരുന്നു. ഇതിന് ശേഷം ഇത് പൂർണ്ണമായും റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലാണ്. രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാക്‌സ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർമാതാക്കൾക്ക് നിർദ്ദേശമുള്ളതായി സൂചനയുണ്ട്. ഇത് ശരിയാണെങ്കിൽ 'സൂപ്പർ ആപ്പ്' മാക്‌സ് ഉപയോ സുരക്ഷയെ ബാധിക്കാനുള്ള സാധ്യതയേറെയാണ്.
റഷ്യൻ അധികാരികളുമായി ചർച്ചകളിലേർപ്പെട്ട്, പുതിയ നിയമനിർമ്മാണം നടത്തി, റഷ്യയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ വാട്ട്‌സ്‌ആപ്പ് രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഒരു വീഡിയോയിൽ പറയുന്നു.