ഹോസ്റ്റൽ മുറിയിൽ കയറി യുവതിയെ ബലാത്സംഗംചെയ്യാൻ ശ്രമം : പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല

ഹോസ്റ്റൽ മുറിയിൽ കയറി യുവതിയെ ബലാത്സംഗംചെയ്യാൻ ശ്രമം : പ്രതിയെ കണ്ടെത്താൻ  കഴിഞ്ഞില്ല

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി കഴക്കൂട്ടം എസ് എച്ച് ഒ പ്രവീൺ .അജ്ഞാതനായ ഒരാളെ ഹോസ്റ്റലിന് സമീപം കണ്ടതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തി വരുന്നതെന്നും പ്രതി ഉടൻ വലയിലാകുമെന്നും എസ് എച്ച് ഒ വ്യക്തമാക്കി.വ്യാഴാഴ്ചയായിരുന്നു (ഒക്ടോ:16) കേസിനാസ്‌പദമായ സംഭവം. യുവതി താമസിക്കുന്ന കഴക്കൂട്ടത്തെ ഹോസ്റ്റൽ മുറിയിൽ കടന്നു കയറിയാണ് അജ്ഞാതൻ ബലാത്സംഗ ശ്രമം നടത്തിയത്. മുറിയിൽ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന പെൺകുട്ടി ഐ ടി ജീവനക്കാരിയാണ്. യുവതി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടി. രാത്രിയിലുണ്ടായ ഭയം കാരണം ഉടന്‍ തന്നെ പുറത്തുപറയാന്‍ കഴിയാതിരുന്ന യുവതി, രാവിലെ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ച ശേഷം കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഐടി മേഖലയിലെ പ്രധാന കേന്ദ്രമായ കഴക്കൂട്ടത്ത് ഇത്തരമൊരു സംഭവം നടന്നത്, സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.കഴക്കൂട്ടം ടെക്നോസിറ്റി മേഖലയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പലപ്പോഴും പ്രശ്നക്കാർ പുറത്തു നിന്ന് വരുന്നവരാണെന്ന് ആരോപണം നേരത്തെ ഉയർന്നിട്ടുണ്ട്. 

ടെക്നോപാർക്കും കേരള സർവകലാശാല കാര്യാവട്ടം ക്യാമ്പസും കേന്ദ്രീകരിച്ച് നിരവധി ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നയിടമാണ് വാർഡ് പ്രദേശം. ഇന്നലെ ഉണ്ടായ സംഭവത്തിൽ ഹോസ്റ്റലിലെ വാർഡൻ എവിടെ പോയിരുന്നു എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കഴക്കൂട്ടം വാർഡിൻ്റെ ചുമതല നിലവിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ്.