ആറ്റുകാലിൽ വൻഭക്തജനത്തിരക്ക് : പൊങ്കാല മഹോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരി

തിരുവനന്തപുരം: മാർച്ച് 3 നു നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തലക്ഷങ്ങൾക്ക് വിപുലമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിച്ചു വരുന്ന അന്തരീക്ഷ താപനില കണക്കിലെടുത്ത് സൂര്യാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക മെഡിക്കൽ ടീമുകളെയും സൗകര്യങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
പൊങ്കാല പ്രമാണിച്ച് പത്ത് പ്രധാന പോയിന്റുകളിൽ മെഡിക്കൽ ടീമിനെയും ആംബുലൻസുകളെയും നിയോഗിച്ചു.തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്‌സി പൂന്തുറ, സിഎച്ച്‌സി ഐരാണിമുട്ടം, എഫ്എച്ച്‌സി ജഗതി, എഫ്എച്ച്‌സി കരമന, യുപിഎച്ച്‌സികളായ ആറ്റുകാല്‍, ചാല, ചാക്ക, കളിപ്പാന്‍കുളം, പാല്‍ക്കുളങ്ങര, രാജാജി നഗര്‍ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇത് കൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്‌സി ഐരാണിമുട്ടം എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം മാറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ക്രമീകരണവുമൊരുക്കി. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാല്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
രാവിലെ 5 മണി മുതൽ പൊങ്കാല തീരുന്നത് വരെ പത്ത് കേന്ദ്രങ്ങളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാകും. തിരക്കേറിയ ഇടങ്ങളിൽ വേഗത്തിൽ വൈദ്യസഹായമെത്തിക്കാൻ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവ സജ്ജമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും കളക്ടറേറ്റിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തൈക്കാട് ആശുപത്രി, ഫോർട്ട് ആശുപത്രി, ഐരാണിമുട്ടം സി.എച്ച്.സി എന്നിവിടങ്ങളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കായി 10 കിടക്കകൾ വീതം മാറ്റിവെച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തണൽ ലഭ്യമാക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ കൂളറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.ശുചിത്വമുള്ള ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനകൾ നടത്തുന്നുണ്ട്. അന്നദാനത്തിന് രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇതുവരെ 187 പേർ രജിസ്റ്റർ ചെയ്തു. പരിശോധനകൾക്കായി ഫുഡ് സേഫ്റ്റി ഓൺ വീൽസ് മൊബൈൽ ലാബും ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകളും സജീവമാണ്. നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. തലകറക്കം, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും മെഡിക്കൽ ടീമിന്റെ സഹായം തേടുകയും വേണം.
പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പാളയം പള്ളി ഇമാം
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാന്‍ വീടുകളും മസ്ജിദുകളും തുറന്ന് നല്‍കണമെന്നും ഇമാം ആഹ്വാനം ചെയ്തു. ജുമാ നമസ്കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.
'ആറ്റുകാല്‍ പൊങ്കാല വരികയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ പലനാട്ടില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തര്‍ തിരുവനന്തപുരത്തേയ്ക്ക് ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവര്‍ക്ക് വിശ്രമിക്കാന്‍ തുറന്നു കൊടുക്കുക', സുഹൈബ് മൗലവി പറഞ്ഞു.