തങ്ങളുടെ പ്രദേശത്ത് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ബഹ്റൈൻ

ദുബായ്: താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനിലെ ദക്ഷിണ തീരത്ത് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി തങ്ങൾ യുഎസ് ബന്ധമുള്ള ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിനു പിന്നാലെ, ബഹ്റൈന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ സാന്നിധ്യത്തിനിടെയുണ്ടായ ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെത്തുടർന്നാണ് അമേരിക്ക തിരിച്ചടി നൽകിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. എന്നാൽ, തങ്ങളുടെ തീരപ്രദേശത്തെ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ‘ക്രൂരമായ’ ആക്രമണങ്ങൾക്കാണ് മറുപടി നൽകിയതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. കരാർ ലംഘനം ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളത്.ഇതിനിടെ, ഇസ്രായേലും ലബ്നാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചു. ഹിസ്ബുള്ളയെ നിരായുധരാക്കാനും ലബ്നാനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാനുമാണ് കരാർ നിർദ്ദേശിക്കുന്നത്. എന്നാൽ കരാറിൽ സഹകരിക്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള കരാർ പാലിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, എന്നാൽ അക്രമം അക്രമം കൊണ്ട് തന്നെ നേരിടുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും എണ്ണ വിതരണവും സുഗമമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആവർത്തിച്ചു.