ബെംഗളൂരു - കാര്‍വാര്‍ പഞ്ചഗംഗ എക്‌സ്പ്രസ് അധിക കോച്ചുകളുമായി തുടരും

ബെംഗളൂരു - കാര്‍വാര്‍  പഞ്ചഗംഗ എക്‌സ്പ്രസ്  അധിക കോച്ചുകളുമായി  തുടരും

ബെംഗളൂരു: ബെംഗളൂരു മുതല്‍ കാര്‍വാര്‍ വരെ പോകുന്ന പഞ്ചഗംഗ എക്‌സ്പ്രസ് സര്‍വീസ് അധിക കോച്ചുകളുമായി ഇനിയും തുടരും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 മുതല്‍ താത്കാലികമായി അധിക കോച്ചുകളുമായാണ് പഞ്ചഗംഗ സര്‍വീസ് നടത്തിയിരുന്നത്. ഈ അധിക കോച്ചുകളുടെ സേവനം മാര്‍ച്ച് ആദ്യ ആഴ്ച വരെ  റെയില്‍വേ നീട്ടി . അഞ്ച് അധിക കോച്ചുകളുമായിട്ടായിരിക്കും പഞ്ചഗംഗ, സര്‍വീസ് നടത്തുന്നത്.കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ട്രെയിന്‍ നമ്പര്‍ 16595 കെഎസ്ആര്‍ ബെംഗളൂരു-കാര്‍വാര്‍ പഞ്ചഗംഗ എക്‌സ്പ്രസ് മാര്‍ച്ച് 1 വരെ അധിക കോച്ചുകളുമായി സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 16596 കാര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു പഞ്ചഗംഗ എക്‌സ്പ്രസില്‍ മാര്‍ച്ച് രണ്ട് വരെയും അധിക കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ജൂണ്‍ 11 മുതലാണ് ബെംഗളൂരുവിനും കാര്‍വാറിനും ഇടയിലായി സര്‍വീസ് നടത്തുന്ന ട്രെയിനിലേക്ക് രണ്ട് ത്രീ ടയര്‍ എസി ഇക്കോണമി, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു സെക്കന്‍ ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ റെയില്‍വേ കൂട്ടിച്ചേര്‍ത്തത്. മംഗളൂരു-ഹാസന്‍ റൂട്ടിലെ സുബ്രഹ്‌മണ്യ റോഡ്-സകലേഷ്പൂര്‍ ഘട്ട് സെക്ഷനില്‍ റെയില്‍വേയുടെ വൈദ്യുതീകരണം നടപ്പാക്കുന്നതിനായി, ബെംഗളൂരു-മംഗളൂരു, കാര്‍വാര്‍ സെക്ടറില്‍ പകല്‍ സമയത്തുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.പിന്നീട് ഒക്ടോബറില്‍ ഫെബ്രുവരി രണ്ട് വരെ അധിക കോച്ചുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടരാന്‍ റെയില്‍വേ തീരുമാനിച്ചു. അധിക കോച്ചുകള്‍ വരുന്നതിന് മുമ്പ് 14 എല്‍എച്ച്ബി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കം 2 ടയര്‍ എസി, ഒരു 2 ടയര്‍ എസി, ഒരു 3-ടയര്‍ എസി, ഏഴ് സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയുമായിട്ടായിരുന്നു പഞ്ചഗംഗയുടെ സര്‍വീസ്.