ഭാരത് ബന്ദ് തുടരുന്നു ; കേരളം നിശ്ചലം ! മറ്റു സംസ്ഥാനങ്ങളെ സാരമായി ബാധിച്ചില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ഭാരത് ബന്ദ് ആരംഭിച്ചു. മഹാരാഷ്ട്ര അടക്കമുള്ള ബിജെപി സഖ്യ സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമരം സാരമായി ബാധിച്ചിട്ടില്ല. പൊതുമേഖലാ ബാങ്കുകൾ ,സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട് .ബസുകളും ടാക്സികളും ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങളേയും ബന്ദ് തീരെ ബാധിച്ചിട്ടില്ല . വിദ്ധ്യാലയങ്ങളും ഫാക്ടറികളും വ്യാവസായിക യൂണിറ്റുകളും മാർക്കറ്റുകളും പ്രാദേശിക കടകളും പ്രവർത്തിക്കുന്നു.ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയുൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.അമേരിക്ക -ഇന്ത്യ വ്യാപാരകരാർ ഇന്ത്യൻ കർഷകർക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സംയുക്ത സമരസമിതി കൺവീനർ ഹന്നൻ മൊല്ല മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ "അമേരിക്കയുടെ കൗശലത്തിന് മുന്നിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ബന്ദുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ അധികൃതർ സംസ്ഥാന വ്യാപകമായി സ്കൂൾ അടച്ചിടൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല.
30 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പണിമുടക്കിൽ ഐഎൻടിയുസി, സിഐടിയു ഉൾപ്പെടെ പത്ത് പ്രമുഖ സംഘടനകൾ നേതൃത്വം നൽകുന്നതിനാൽ കേരളം പൂർണമായും സ്‌തംഭിച്ച അവസ്ഥയിലാണ്.ഇന്നലെ അർധ രാത്രി 12 മണി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി വരെയാണ്. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുകയാണ്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകൾ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സിഐടിയുവും ഐഎൻടിയുസിയും സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും വെവ്വേറെയാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് സമരം.
സംസ്ഥാനത്ത് ഡയസ്നോൺ
ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്കുന്നവരുടെ ശമ്പളം റദ്ദാക്കാനാണ് ഔദ്യോഗിക തീരുമാനം. ഇടതുപക്ഷ പാർട്ടികളും സിഐടിയുവും സജീവമായി പണിമുടക്കിൽ പങ്കെടുക്കുമ്പോഴും സർക്കാർ ഈ നടപടി സ്വീകരിച്ചത് കോടതിയുടെ കർശന ഉത്തരവുകൾ നിലവിലുള്ളതിനാലാണ്. ജോലിക്കെത്തുന്ന ജീവനക്കാരെ തടയാൻ പാടില്ലെന്നും അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നാൽ നടപടികൾ നേരിടേണ്ടി വരും.
കേരളത്തിൽ ഐഎൻടിയുസി, സിഐടിയു സമരം വ്യത്യസ്തരീതികളിൽ
ദേശീയതലത്തിൽ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഐഎൻടിയുസി, സിഐടിയു എന്നിവർ വ്യത്യസ്ത രീതികളിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിയും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം എൻജിഒ അസോസിയേഷൻ സമരത്തിൽ സജീവമാണ്.24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പണിമുടക്ക് കേരളത്തിൽ പൂർണമായും ഹർത്താലിന് സമാനമായ സാഹചര്യമുണ്ടാക്കാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ പണിമുടക്കിൽ പങ്കെടുക്കുന്നത്.
സമരക്കാരുടെ ആവശ്യങ്ങൾ
തൊഴിൽ നിയമങ്ങൾ മാറ്റുക, തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ, ഡ്രാഫ്റ്റ് ബിൽ എന്നിവ പിൻവലിക്കുക, ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, കേരളത്തിലെ നെൽകർഷകർക്ക് പ്രഖ്യാപിച്ച അധിക ബോണസ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങൾ തിരുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
കെഎസ്ആർടിസി, മെട്രോ സർവീസുകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലും കെഎസ്ആർടിസി സർവീസുകൾ സാധാരണ പോലെ നടത്തണമെന്ന് മാനേജ്മെൻ്റ് ഉത്തരവിട്ടു. എന്നാൽ സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സർവീസുകൾ തടസ്സപ്പെടാനാണ് സാധ്യത. പ്രതിസന്ധി മറികടക്കാൻ ബദലി ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും ഉപയോഗിച്ച് സർവീസ് നടത്താനാണ് നീക്കം.
ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവീസുകൾ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. ബസുകൾ തടയുകയോ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പൊലീസിൻ്റെ സഹായം തേടണം. സ്വകാര്യ ബസുകൾ, ഓട്ടോകൾ, ടാക്സികൾ എന്നിവയും നിരത്തിലിറങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയും മെട്രോയും
ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് കൊച്ചി മെട്രോ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ രാത്രി 10 വരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കും. പണിമുടക്ക് ദിവസം മെട്രോ പ്രവർത്തിക്കില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് സർവീസുകൾ മുടക്കമില്ലാതെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.എല്ലാ മെട്രോ സ്റ്റേഷനുകളും പതിവുപോലെ തന്നെ പ്രവർത്തിക്കും. എന്നാൽ നഗരത്തിലെ ഫീഡർ ബസ് സർവീസുകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. കളമശ്ശേരി ഭാഗത്തും എറണാകുളം നഗരത്തിലും സർവീസ് നടത്തുന്ന ഫീഡർ ബസുകൾ നാളെ പ്രവർത്തിക്കില്ല. യാത്രക്കാർക്ക് ആശ്വാസമായി ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ഫീഡർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടക്കുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
ബാധിക്കുന്ന മേഖലകളും ഒഴിവാക്കിയവയും
കടകമ്പോളങ്ങൾ, ഷോപ്പിങ് മാളുകൾ, സ്പെഷ്യൽ ഇക്കോണോമിക് സോണുകൾ (സെസ്) എന്നിവയുടെ പ്രവർത്തനം സ്തംഭിക്കും. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്കൂൾ, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിക്കും. ഷോപ്പ് എംപ്ലോയീസ്, മത്സ്യ വിതരണ രംഗം, വഴിയോര കച്ചവടക്കാർ, പ്രസ് ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഐടി മേഖലയിലും തുറമുഖങ്ങളിലും പണിമുടക്കിന് ആഹ്വാനമുണ്ട്. അതേസമയം പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസ്, മാരാമൺ കൺവെൻഷൻ, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധ റാലികളും പരീക്ഷകളും
പണിമുടക്കിൻ്റെ ഭാഗമായി രാജ്യവ്യാപകമായി കർഷക-തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ഡൽഹിയിൽ രാവിലെ ലോക്ഭവനിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകളുടെ മാർച്ച് നടക്കും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധമുണ്ടാകും. ഇന്ന് ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പിഎസ്‌സി ഓൺലൈൻ പരീക്ഷ ഈ മാസം 21ലേക്ക് മാറ്റിവച്ചിട്ടുണ്ട്. പരീക്ഷ സമയത്തിലോ കേന്ദ്രങ്ങളിലോ മാറ്റമില്ല. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പും മാറ്റിവച്ചു.
പുതിയ ലേബർ കോഡുകൾ
ഇന്ത്യയുടെ ലേബർ ഗവേണൻസ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള 29 നിയമങ്ങൾ റദ്ദാക്കി 2025 നവംബർ ഒന്നിനാണ് കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡുകൾ അവതരിപ്പിച്ചത്. തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന വേതനം ഉറപ്പാക്കണമെന്നതാണ് സാലറി കോഡ് നിഷ്കർഷിക്കുന്നത്. ഇതിനായി കേന്ദ്രം ഒരു വേതനം നിശ്ചയിക്കും, ഇത് മാറ്റാൻ സംസ്ഥാനങ്ങൾക്ക് അനുവാദമില്ല. കൃത്യസമയത്ത് ശമ്പളം നൽകുന്നതിനൊപ്പം പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ സംഭാവനകൾ എന്നിവ മൊത്തം ശമ്പളത്തിൻ്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന് കീഴിൽ നിയമനം, പിരിച്ചുവിടൽ, പണിമുടക്ക്, ട്രേഡ് യൂണിയൻ എന്നിവ വരുന്നു. 300 ജീവനക്കാർ വരെയുള്ള കമ്പനികൾക്ക് ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാർ അനുമതി കൂടാതെ ജീവനക്കാരെ പിരിച്ചുവിടാൻ സാധിക്കും. ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, അസംഘടിത മേഖലയിലെ ജീവനക്കാർ എന്നിവർ സാമൂഹിക സുരക്ഷ കോഡിന് കീഴിൽ വരും. ഇവർക്ക് ഇനി മുതൽ ഇപിഎഫ്, ഇഎസ്‌ഐസി, പ്രസവ അവധി, പെൻഷൻ എന്നിവ നൽകേണ്ടതുണ്ട്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന കോഡ് പ്രകാരം ഒരു ദിവസം എട്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെയാണ് ജോലി സമയം. ഇത് ആഴ്‌ചയിൽ 48 മണിക്കൂർ ആയി പരിമിതപ്പെടുത്തുന്നു. കൂടാതെ സ്ത്രീകളുടെ പൂർണ സമ്മതവും സുരക്ഷയും ഉറപ്പ് വരുത്തി നൈറ്റ് ഷിഫ്‌റ്റുകൾ നൽകാമെന്നും പുതിയ ലേബർ കോഡിൽ വ്യക്തമാക്കുന്നു.