ബീഹാർ : എൻഡിഎയ്ക്ക് 200+ സീറ്റുകൾ ലഭിക്കുമെന്ന് BJP- തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് RJD: ആരാണ് വാഴുക, വീഴുക എന്ന് ഇന്നറിയാം

 ബീഹാർ : എൻഡിഎയ്ക്ക് 200+ സീറ്റുകൾ ലഭിക്കുമെന്ന് BJP- തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് RJD: ആരാണ് വാഴുക, വീഴുക എന്ന് ഇന്നറിയാം

 പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അൽപ്പസമയത്തിനകം ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരും. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെടുപ്പ് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്‌ക്ക് ഏറെ അനുകൂലമായിരുന്നു. അതുകൊണ്ട് ബിഹാറില്‍ എന്‍ഡിഎയ്‌ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

1951 ന് ശേഷമുള്ള പോളിംഗ് ശതമാനത്തിന്റെ റെക്കോർഡ് തകർത്ത തെരഞ്ഞെടുപ്പാണ് 2025ൽ നടന്നത് .  നവംബർ 11 ന് അവസാനിച്ച രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 66.91% എന്ന പോളിംഗ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന പോളിങ്ങാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വനിതാ വോട്ടർ പോളിംഗും ഇത്തവണ ബീഹാറിൽ നടന്നു.വിധിനിർണ്ണയിക്കുന്നതും വനിതാവോട്ടുകളായിരിക്കും.71.6% സ്ത്രീകൾ വോട്ട് ചെയ്യാൻ എത്തിയപ്പോൾ, പുരുഷന്മാർ 62.8% പേർ മാത്രമാണ് വോട്ട് ചെയ്തത്. 8.5 ലക്ഷം പോളിംഗ് ജീവനക്കാരും.

മത്സരിക്കുന്ന 2,616 സ്ഥാനാർത്ഥികളിൽ 1.4 ലക്ഷം പോളിംഗ് ഏജന്റുമാരും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  ആറ് രാജ്യങ്ങളിൽ നിന്നുള്ള 16 പ്രതിനിധികളെ നിരീക്ഷകരാക്കി ബീഹാർ  ആതിഥേയത്വം വഹിച്ചതും ഇതാദ്യമായിരുന്നു.

 എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഏറെപ്രതീക്ഷയോടെ കളത്തിലിറങ്ങിയ  ജന്‍ സുരാജ്‌ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം നടത്താനായിട്ടില്ലെന്നാണ് പ്രവചനം.വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കേ തന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് നിതീഷ്‌ കുമാര്‍. എന്നാല്‍ 70കാരനായ നിതീഷ്‌ കുമാറിനെതിരെ യുവത്വത്തിന്‍റെ കരുത്തിലാണ് മഹാസഖ്യം പോരാട്ടം നടത്തിയത്. വര്‍ഷങ്ങളായി തുടരുന്ന ഭരണം ഇത്തവണയും സ്വന്തമാകുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ്‌ കുമാര്‍. എന്നാല്‍ മഹാസഖ്യമാകട്ടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ബിഹാറില്‍ മഹാസഖ്യം ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും നിതീഷ്‌ കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തില്ലെന്നും കോണ്‍ഗ്രസ് എംപി ഇംറാന്‍ മസൂദ് പറഞ്ഞു. എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമെങ്കിലും ജനങ്ങള്‍ മഹാസഖ്യത്തെയാണ് പിന്തുണച്ചതെന്ന് പട്‌ന എംപി പപ്പു യാദവ് പറഞ്ഞു.