കേരളത്തിലെ 'കോലീബി' സഖ്യത്തെ ഓർമ്മപ്പെടുത്തി, അധികാരത്തിനായി മുംബൈയിൽ ശിവസേനക്കെതിരെ 'കോനാബി' സഖ്യം

മുംബൈ: അംബർനാഥ് മുനിസിപ്പൽ കൗൺസിലിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രമല്ല, മഹാരാഷ്ട്രയിലുടനീളം വലിയൊരു കോളിളക്കത്തിന് കാരണമായിരിക്കുകയാണ് . കേരളത്തിൽ വർഷങ്ങൾക്കുമുമ്പ് ഇടതുപക്ഷത്തെ തോൽപ്പിക്കാനായി ഉണ്ടായി എന്ന് പറയപ്പെടുന്ന 'കോലീബി' സഖ്യത്തിന് സമാനമായാണ് മുംബൈയിലെ അംബർനാഥിൽ ശിവസേന(ശിന്ദേ)വിഭാഗത്തെ നഗരസഭ അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസ്സ് ,നാഷണൽ കോൺഗ്രസ്സ് പാർട്ടി(NCP)എന്നിവ ബിജെപിയുമായിസഖ്യം ചേർന്ന് പുതിയൊരു മുന്നണി ഉണ്ടാക്കിയത്. വർഷങ്ങളായി ദേശീയ തലത്തിൽ "കോൺഗ്രസ് മുക്ത ഇന്ത്യ" എന്ന മുദ്രാവാക്യം ശക്തമായി പ്രചരിപ്പിച്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി), അധികാരം ഉറപ്പാക്കാൻ കോൺഗ്രസുമായി സഖ്യം രൂപീകരിച്ചുകൊണ്ട് അംബർനാഥിൽ തികച്ചും വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. കൂടെ ചേർന്ന് സംസ്ഥാനം ഭരിക്കുമ്പോൾ അതേ സഖ്യകക്ഷിയായ ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം)യെ നഗരസഭ ഭരണസമിതിയിൽ നിന്ന് മാറ്റി നിർത്താനുള്ള ബിജെപിയുടെ വികല നീക്കമായിട്ടാണ് "അംബർനാഥ് വികാസ് അഘാഡി" രൂപീകരിച്ചുകൊണ്ടുള്ള ഈ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെ പൊതുസമൂഹം കാണുന്നത്.
സംഭവം വിവാദമായതോടെ മഹാരാഷ്ട്ര കോൺഗ്രസ് അത്തരമൊരു സഖ്യം നിരസിക്കുകയും അംബർനാഥ് ബ്ലോക്ക് മേധാവി പ്രദീപ് പാട്ടീലിനെയും അവരുടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരെയും "പാർട്ടി അച്ചടക്ക ലംഘനം" എന്ന് വിശേഷിപ്പിച്ച് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ് . 14 ബിജെപി കൗൺസിലർമാരും 12 കോൺഗ്രസ് കൗൺസിലർമാരും എൻസിപി (അജിത് പവാർ വിഭാഗം)യിൽ നിന്നുള്ള നാല് പേരും ഒരു സ്വതന്ത്ര കോർപ്പറേറ്ററും അടങ്ങുന്നതായിരുന്നു "അംബർനാഥ് വികാസ് അഘാഡി" എന്ന 'അവിയൽ സഖ്യം'. ആ സഖ്യം. ഇത് നഗരസഭാ കൗൺസിലിൽ ബിജെപിക്ക് സുഖകരമായ ഭൂരിപക്ഷം നൽകി. ഈ സഖ്യത്തിന്റെ പിന്തുണയോടെ, ബിജെപി നേതാവ് തേജശ്രീ കരഞ്ചുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റ് (മേയർ) ആയി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ശിവസേന (ഷിൻഡെ വിഭാഗം) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നിട്ടും സംഖ്യാ മുൻതൂക്കം ഉണ്ടായിരുന്നിട്ടും, തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ തന്ത്രങ്ങളിലൂടെ ഷിൻഡെ വിഭാഗം അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുകയായിരുന്നു .
എന്നാൽ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് അംബർനാഥ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടാൻ ഇപ്പോൾ ഉത്തരവിട്ടുകഴിഞ്ഞു. പ്രാദേശിക നേതൃത്വത്തിന്റെ "പൂർണ്ണമായും തെറ്റായ നടപടി" എന്നാണ് സഖ്യത്തെ വിശേഷിപ്പിച്ചത്.സംസ്ഥാന കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് പ്രദീപ് പാട്ടീലിന് അയച്ച കത്തിൽ , "ഇത് പൂർണ്ണമായും തെറ്റായ നടപടിയും പാർട്ടി അച്ചടക്ക ലംഘനവുമാണ്. ഈ കാര്യം പരിഗണിച്ച്, ബഹുമാനപ്പെട്ട സംസ്ഥാന പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കലിന്റെ ഉത്തരവ് പ്രകാരം, നിങ്ങളെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായും കൂടാതെ, നിങ്ങളുടെ ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയാണ്. അതുപോലെ, നിങ്ങളോടൊപ്പം പാർട്ടി അച്ചടക്കം ലംഘിച്ച എല്ലാ കോർപ്പറേറ്റർമാരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നു." എന്നറിയിച്ചു കഴിഞ്ഞു.
സഖ്യത്തിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്
അംബർനാഥിലും അകോളയിലും കോൺഗ്രസുമായും എഐഎംഐഎമ്മുമായും ഐക്യപ്പെട്ട ബിജെപി നേതാക്കൾക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. ശക്തമായ വിമർശനത്തിനൊപ്പം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അത്തരം ക്രമീകരണങ്ങൾ പാർട്ടിയുടെ മുതിർന്ന നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും സംഘടനാ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി."കോൺഗ്രസുമായോ എഐഎംഐഎമ്മുമായോ ഉള്ള ഏതൊരു സഖ്യവും അംഗീകരിക്കില്ലെന്ന് ഞാൻ വളരെ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രാദേശിക നേതാവ് സ്വന്തമായി അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, അത് അച്ചടക്കത്തിന്റെ കാര്യത്തിൽ തെറ്റാണ്, നടപടിയെടുക്കും," ഫഡ്‌നാവിസ് ഒരു വാർത്താ ചാനലിനോട് പറഞ്ഞു. അത്തരം സഖ്യങ്ങൾ പിൻവലിക്കാൻ ഇതിനകം തന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.