ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ബിജെപിയുടെ രണ്ടാംഘട്ട  സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുവിവരങ്ങളാണ് ഡൽഹിയിലെ ബിജെപി കേന്ദ്ര ഓഫിസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇതോടെ ആദ്യ പട്ടികയിലെ 47 പേർ ഉൾപ്പെടെ 86 സ്ഥാനാർഥികളെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചു കഴിഞ്ഞു.സംസ്ഥാനത്ത് മൊത്തം 97 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. അതിനാൽ 10 പേർ കൂടി ഉൾപ്പെടുന്ന മൂന്നാം പട്ടിക വൈകാതെ പുറത്തുവരുമെന്നാണ് സൂചന. യുവാക്കൾക്കും സ്ത്രീകൾക്കും മുതിർന്ന നേതാക്കൾക്കും മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർക്കും പുതിയ പട്ടികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പറവൂരിലെ വത്സല പ്രസന്ന കുമാർ ഉൾപ്പെടെ 4 വനിത സ്ഥാനാർഥികളും രണ്ടാം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ആറന്മുളയിൽ കുമ്മനം 

പത്തനംതിട്ടയിലെ ആറന്മുളയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ വീണ ജോർജും യുഡിഎഫിനായി അബിൻ വർക്കിയും ബിജെപിക്കായി പ്രമുഖ നേതാവ് കുമ്മനം രാജശേഖരനുമാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപിക്ക് ഏറെ വേരോട്ടമുള്ളതും വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നതുമായ മണ്ഡലമാണ് ആറന്മുള.നേമത്ത് രാജീവ് ചന്ദ്രശേഖറും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മത്സരിക്കുന്നതിന് ഒപ്പമാണ് വിജയസാധ്യതയുള്ളവരുടെ പട്ടികയിലേക്ക് കുമ്മനം രാജശേഖരനും എത്തുന്നത്. നേരത്തെ കൊടുങ്ങല്ലൂർ സീറ്റ് ലഭിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ബി ഗോപാലകൃഷ്ണൻ ഇത്തവണ ഗുരുവായൂരിൽ സ്ഥാനാർഥിയാകും. സിപിഐ വിട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിജെപിയിലെത്തിയ മുൻ എംഎൽഎ സി സി മുകുന്ദൻ നാട്ടികയിൽ നിന്നും ജനവിധി തേടും. കോൺഗ്രസിൽ പിന്തുണ തേടിയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

ധർമടത്ത് കെ രഞ്ജിത്ത്, വടക്കാഞ്ചേരിയിൽ അഡ്വ ടി എസ് ഉല്ലാസ് ബാബു,നാട്ടികയിൽ സി സി മുകുന്ദൻ

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കാസർകോട് മണ്ഡലത്തിൽ അശ്വിനി എം എൽ, കല്ല്യാശ്ശേരിയിൽ എ വി സനിൽ കുമാർ, തളിപ്പറമ്പിൽ എൻ ഹരിദാസ്, ധർമടത്ത് കെ രഞ്ജിത്ത്, തലശ്ശേരിയിൽ ഒ നിധീഷ്, കൂത്തുപറമ്പിൽ അഡ്വ ഷിജിലാൽ, മട്ടന്നൂരിൽ ബിജു ഏളക്കുഴി എന്നിവർ ജനവിധി തേടും. കൽപറ്റയിൽ പ്രശാന്ത് മലവയൽ, കൊണ്ടോട്ടിയിൽ പി സുബ്രഹ്മണ്യൻ, ഏറനാട് അഡ്വ എൻ ശ്രീപ്രകാശ്, മഞ്ചേരിയിൽ പത്മശ്രീ എം, പെരിന്തൽമണ്ണയിൽ അഡ്വ കെ പി ബാബുരാജ്, മങ്കടയിൽ ലിജോയ് പോൾ, മലപ്പുറത്ത് അശ്വതി ഗുപ്ത കുമാർ എന്നിവരാണ് പട്ടികയിലുള്ളത്.വേങ്ങരയിൽ ജയകൃഷ്ണൻ വി എൻ, വള്ളിക്കുന്നിൽ എം പ്രേമൻ മാസ്റ്റർ, തിരൂരങ്ങാടിയിൽ റിജു സി രാഘവൻ, തവനൂരിൽ ദീപ പുഴക്കൽ, താനൂരിൽ അഡ്വ പി മനോജ്, തിരൂരിൽ രേണു സുരേഷ്, തൃത്താലയിൽ കെ നാരായണൻ മാസ്റ്റർ, പട്ടാമ്പിയിൽ രവി തേലത്ത്, കോങ്ങാട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, തരൂരിൽ സുരേഷ് ബാബു, ചിറ്റൂരിൽ പ്രണേഷ് രാജേന്ദ്രൻ, ആലത്തൂരിൽ കെ വി പ്രസന്ന കുമാർ, ഗുരുവായൂരിൽ അഡ്വ ബി ഗോപാലകൃഷ്ണൻ, വടക്കാഞ്ചേരിയിൽ അഡ്വ ടി എസ് ഉല്ലാസ് ബാബു, ഒല്ലൂരിൽ ബിജോയ് തോമസ് എന്നിവർ മത്സരിക്കും.

നാട്ടികയിൽ സി സി മുകുന്ദൻ, പുതുക്കാട് എ നാഗേഷ്, ആലുവയിൽ എം എ ബ്രഹ്മരാജ്, പറവൂരിൽ വത്സല പ്രസന്ന കുമാർ, എറണാകുളത്ത് പി ആർ ശിവശങ്കർ, ചങ്ങനാശ്ശേരിയിൽ ബി രാധാകൃഷ്ണ മേനോൻ, ആലപ്പുഴയിൽ എം ജെ ജോബ്, ആറന്മുളയിൽ കുമ്മനം രാജശേഖരൻ, കുണ്ടറയിൽ ഡോ റോബിൻ രാധാകൃഷ്ണൻ, കൊല്ലത്ത് ഡോ എൻ പ്രതാപ് കുമാർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സ്ഥാനാർഥികൾ. കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാവും എൻഡിഎ ഇത്തവണ വോട്ടർമാരെ സമീപിക്കുക. വരും ദിവസങ്ങളിൽ തന്നെ സ്ഥാനാർഥികൾ അതത് മണ്ഡലങ്ങളിൽ നേരിട്ടെത്തി പ്രചാരണം ആരംഭിക്കും.

നിതിൻ നബിൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ആണ് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.