ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: വിമാനം സുരക്ഷിതമെന്ന് അധികൃതർ

മുംബൈ: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ. ഇന്നലെ ഡൽഹിയിൽ നിന്ന് പുനെയിലേക്ക് സർവീസ് നടത്തിയ 6E 2608 വിമാനത്തിനാണ് ബോംബ് ഭീഷണി. നിലത്തിറക്കിയ ഉടൻ ഭീഷണി ലഭിച്ചുവെന്നും എന്നാൽ പരിശോധനയിൽ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.ഇന്നലെ രാത്രി 8.40 ന് എത്തേണ്ട വിമാനം 9.24 നാണ് പൂനെ വിമാനത്താവളത്തിൽ എത്തിയത്. 9.27 ന് ബേ നമ്പർ 3 ൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഐസൊലേഷൻ ബേയിലേക്ക് മാറ്റി.ബിടിസി ഉൾപ്പെടെ പൂർണമായ പരിശോധന നടത്തിയെങ്കിലും സംശയികത്തക്ക വിധത്തിൽ ഒന്നും തന്നെ കണ്ടെത്തിനായില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം വിട്ടു നൽകിയതെന്നും അധികൃതർ പറഞ്ഞു.അതേസമയം ജനുവരി 18 നും ഇത്തരത്തിൽ സമാനമായ സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പിലായിരുന്നു ബോംബ് ഭീഷണി ഉണ്ടായിരുന്നത്.