"ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ,സർക്കാർ ഇടപെടണം " : ബസ്സുടമകൾ

കണ്ണൂർ: സാധാരണക്കാരുടെ പ്രധാന യാത്രാമാർഗമായ സ്വകാര്യബസ്സുകളുടെ ഉടമകൾ കടുത്ത പ്രതി സന്ധിയിൽ . ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ്റെ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ സംഘടനാ പ്രതിനിധികൾ വിശദീകരിച്ചത്.കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം അനുദിനം തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ഭാരവാഹികൾ പറയുന്നു . കടുത്ത വെല്ലുവിളി നേരിടുന്ന ഈ വ്യവസായത്തെ നിലനിർത്താനുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും അവർ പറഞ്ഞു. എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്.അൻപതിനായിരത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന വ്യവസായമാണിത്. എന്നിട്ടും ഈ മേഖലയ്ക്ക് വേണ്ടത്ര പരിഗണന സംസ്ഥാന സർക്കാർ നൽകുന്നില്ല. ഡ്രൈവർ, കണ്ടക്‌ടർ, ക്ലീനർ എന്നിവർക്കു പുറമെ ഓട്ടോമൊബൈൽ മേഖലയും സ്വകാര്യ ബസ് വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. മൂവായിരത്തിലേറെ പേർ ബസ് സ്റ്റാൻഡ് ഏജൻ്റുമാരായും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസ് മേഖലയിലെ തകർച്ച പോലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്ന് ഓർഗനൈസേഷൻ പറയുന്നു."കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ ഖജനാവിൽ നിന്ന് പ്രതിദിനം പതിനായിരം രൂപ നൽകുന്നുണ്ട്. നാട്ടിലെ സാധാരണക്കാരുടെ യാത്രകൾ നിറവേറ്റി കൊടുക്കുന്ന സ്വകാര്യ ബസ് വ്യവസായത്തിന് വേണ്ടി ചെറുവിരൽ അനക്കാൻ പോലും ആരും തയാറായിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ഏറ്റവും ചെലവുകുറഞ്ഞ യാത്രാ സൗകര്യമാണ് സ്വകാര്യ ബസുകൾ. നിർഭാഗ്യവശാൽ സംസ്ഥാന സർക്കാർ ഈ മേഖലയോട് കടുത്ത അവഗണന കാണിക്കുന്നു," ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. സെയിൽ ടാക്‌സ് ഇനത്തിലും ജിഎസ്‌ടി ഇനത്തിലും സംസ്ഥാന സർക്കാരിൻ്റെ ഖജനാവിലേയ്ക്ക് സംഭാവന ചെയ്യുന്ന മേഖലയാണ് സ്വകാര്യ ബസ് മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പൊതുഗതാഗതം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് വൈസ്പ്രസിഡന്റ് എൻ വിദ്യാധരൻ പറഞ്ഞു. "ഇന്ധന വില വർധിച്ച് ഒരു ലിറ്റർ ഡീസലിന് നൂറു രൂപ എന്ന അവസ്ഥയിലേയ്ക്ക് എത്തുകയാണ്. വിദ്യാർഥികളെ സ്വകാര്യ ബസുകളിൽ കയറ്റുന്നത് വെറും ഒരു രൂപയ്ക്കാണ്. വിദ്യാർത്ഥികൾക്കുള്ള ഇളവ് സ്വകാര്യ ബസ് ഉടമകളുടെ ബാധ്യതയല്ല, സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇത് നിറവേറ്റുമ്പോൾ തത്തുല്യമായ സബ്‌സിഡി സർക്കാർ ബസ് ഉടമകൾക്ക് നൽകേണ്ടതാണ്. സംസ്ഥാന സർക്കാർ ഇതിന് വേണ്ടി യാതൊരു സബ്‌സിഡിയും ബസ് ഉടമകൾക്ക് നൽകുന്നില്ല," എൻ വിദ്യാധരൻ ആരോപിച്ചു.പുതിയ റോഡുകൾ നിർമിക്കുമ്പോൾ അമിതമായ സെസ് ഏർപ്പെടുത്തുകയാണെന്നും ഓരോ ട്രോൾ ഗേറ്റിലൂടെ ബസ് കടന്നുപോകുമ്പോൾ ഏകദേശം 200 രൂപാ വരെ ചെലവാകുന്നുവെന്നും വിദ്യാധരൻ കൂട്ടിച്ചേർത്തു.
പണിമുടക്കെന്ന ചിന്താഗതി മാറണം :യതീഷ് ചന്ദ്ര
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ മിന്നൽ പണിമുടക്കിലേക്ക് പോകുന്ന സമീപനം സ്വകാര്യ ബസുകൾ ഒഴിവാക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂർ റെയ്‌ഞ്ച് ഡിഐജി യതീഷ് ചന്ദ്രപറഞ്ഞു . പണിമുടക്കെന്ന ചിന്താഗതി തന്നെ മാറേണ്ടതുണ്ട്. പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ട എല്ലാ സഹായവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു