സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.ഈ അധ്യയന വർഷത്തെ പ്രധാന ബോർഡ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു. തുടർന്ന് രണ്ടാം ഘട്ട പരീക്ഷ മെയ് 15 മുതൽ 21 വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തി.
രണ്ടാം ബോർഡ് പരീക്ഷയ്ക്കായി ആകെ 6,64,027 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തപ്പോൾ 6,63,777 പേരാണ് പരീക്ഷയിൽ പങ്കെടുത്തത്. മാർക്ക് മെച്ചപ്പെടുത്തുന്നതിനായി വീണ്ടും പരീക്ഷയെഴുതിയ 5,13,955 വിദ്യാർഥികളിൽ 3,08,095 പേർക്ക് മുൻപരീക്ഷയെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനായി.