"ജെ.പി. നദ്ദയുടെ ഓഫീസിൽ ചർച്ചയ്ക്ക് പ്രതിഷേധക്കാരെ വിളിച്ച് കേന്ദ്രം: സിജെപി തയ്യാറായില്ല"

ന്യൂഡൽഹി: പരീക്ഷാപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച നടത്താമെന്നും സർക്കാരിന് യാതൊരുവിധ വാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി നാല് തവണ സി.ജെ.പി നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു .
എന്നാൽ, കേന്ദ്രസർക്കാരിന്റെ ഈ ചർച്ചാ ക്ഷണം സി.ജെ.പി വക്താക്കൾ തള്ളി. ചർച്ചകൾ ഏതെങ്കിലും മന്ത്രിമാരുടെ വസതിയിലോ ഓഫീസിലോ അല്ല, മറിച്ച് സമരം നടക്കുന്ന ജന്തർ മന്തറിലാണ് നടക്കേണ്ടതെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്കെ വ്യക്തമാക്കി. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ജെ.പി. നദ്ദയുടെ വീട്ടിലേക്ക് പോകണമോ എന്ന് സമരവേദിയിൽ വെച്ച് അദ്ദേഹം ജനങ്ങളോട് ചോദിച്ചപ്പോൾ ‘വേണ്ട’ എന്ന ശക്തമായ മറുപടിയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നത്. ജനങ്ങളുടെ തീരുമാനമാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.