കേരളത്തിനുമേൽ കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം; കൂട്ടുനിൽക്കുന്നത് പ്രതിപക്ഷം

കേരളത്തിനുമേൽ  കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം; കൂട്ടുനിൽക്കുന്നത്  പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക വിവേചനങ്ങളെ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി, കേന്ദ്രത്തിന്‍റെ ഈ 'സാമ്പത്തിക ഉപരോധത്തിന്' സംസ്ഥാനത്തെ പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്ന് രൂക്ഷമായി വിമർശിച്ചു.സംസ്ഥാനത്തിന്‍റെ വികസനത്തെ തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാത്ത യു.ഡി.എഫ് എം.പിമാരും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതത്തിൽ 15,309 കോടി രൂപയുടെ (56%) വൻ കുറവുണ്ടായിട്ടും ഇതിനെതിരെ ശബ്ദമുയർത്താൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. കേരളത്തിന് അർഹമായ വിഹിതം ചോദിച്ചുവാങ്ങാൻ കേന്ദ്രത്തിന് ഒരു നിവേദനം നൽകാൻ പോലും പ്രതിപക്ഷം മുന്നോട്ടുവരുന്നില്ല എന്നത് ലജ്ജാവഹമാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്‍റെ വികസനത്തെ ബലികൊടുക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കിഫ്ബി വായ്പകളെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗ്യാരന്‍റിയും വായ്പയും രണ്ടായി കാണണമെന്ന ആർ.ബി.ഐ നിബന്ധന നിലനിൽക്കെ, കിഫ്ബിക്കായി നൽകുന്ന ഗ്യാരന്റിയെ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുന്നത് വികലമായ സമീപനമാണ്.കേന്ദ്ര ഏജൻസിയായ നാഷണൽ ഹൈവേ അതോറിറ്റിയുടെ 3.4 ലക്ഷം കോടി രൂപയുടെ കടം കേന്ദ്രത്തിന്‍റെ കടത്തിൽ കൂട്ടില്ലെന്ന് പറയുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ കിഫ്ബിയുടെ വായ്പയുടെ പേരിൽ നമ്മളെ വരിഞ്ഞു മുറുക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ മൊത്തം 1,07,513 കോടി രൂപയുടെ വിഭവ നഷ്ടമാണ് കേരളത്തിന് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.

ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഗണ്യമായി പരിമിതപ്പെട്ടു. ജി.എസ്.ടി നിരക്കുകളിൽ വരുത്തിയ മാറ്റം മൂലം വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 8,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടാകാൻ പോകുന്നത്.ഐ.ജി.എസ്.ടി സെറ്റിൽമെന്‍റിന്‍റെ പേരിൽ 965.16 കോടി രൂപ ഏകപക്ഷീയമായി വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ ബജറ്റ് ആസൂത്രണത്തെ തകിടം മറിച്ചു. കൂടാതെ, പാവപ്പെട്ടവരുടെ ജീവിതമാർഗമായ കേരള ലോട്ടറിക്ക് 40% നികുതി ചുമത്തിയത് എന്ത് സ്നേഹത്തിന്‍റെ പേരിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇത്രയേറെ വെല്ലുവിളികൾക്കിടയിലും ലൈഫ് മിഷനിലൂടെ 5 ലക്ഷം വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അടുക്കുകയാണ്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായി ഉയർത്താൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തെ ജനകീയ പ്രതിരോധത്തിലൂടെ മറികടക്കും.

ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളത്തെ സാമ്പത്തികമായി തളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനും അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷത്തിനുമെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.