“ഞങ്ങൾ ട്രംപിനെ കൊല്ലും” : ട്രംപിന് 'കറുത്ത ശവപ്പെട്ടി ഒരുക്കി ' ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിതീവ്രതയിലേക്ക് മാറിക്കൊണ്ടിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുറന്ന കറുത്ത ശവപ്പെട്ടിയിൽ കിടത്തിയ നിലയിൽ ചിത്രീകരിക്കുന്ന ഭീമൻ ബിൽബോർഡ് ടെഹ്‌റാനിലെ പ്രശസ്തമായ എംഗലാബ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ടു. കണ്ണുകളും വായയും അടച്ച്, മുടി അലങ്കോലമായി, ചുവന്ന ടൈക്ക് മുകളിൽ കൈകൾ വെച്ച നിലയിലാണ് ട്രംപിനെ ബിൽബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത്.അന്തരിച്ച ഇറാനിയൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ വിലാപയാത്രയ്ക്ക് ഉപയോഗിച്ച കോൺക്രീറ്റ് വസ്തുക്കൾ ശവപ്പെട്ടിയുടെ ആകൃതിയിൽ ക്രമീകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് ദക്ഷിണ ഇറാാനിലെ മിനാബ് നഗരത്തിലെ പ്രൈമറി സ്കൂളിന് നേരെ യുഎസ് നടത്തിയ ആക്രമണത്തെ അനുസ്മരിച്ചുകൊണ്ട്, “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്”, “ഞങ്ങൾ ട്രംപിനെ കൊല്ലും” എന്നീ വാചകങ്ങൾ പേർഷ്യനിലും ഇംഗ്ലീഷിലും ശവപ്പെട്ടിക്ക് മുകളിൽ ഗ്രാഫിറ്റിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വ്യോമാക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി അവസാനിച്ച രണ്ടാം ഘട്ട ആക്രമണത്തിൽ ഇറാന്റെ കമാൻഡ് സെന്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് അടക്കമുള്ള മേഖലകളിൽ കൃത്യതയാർന്ന ഗൈഡഡ് ബോംബുകളാണ് യുഎസ് ഉപയോഗിച്ചത്. ഇതിന് പുറമെ, ഗ്രേറ്റർ തുൻബ് ദ്വീപിലെ ഇറാന്റെ തീരദേശ പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം നടത്തി. ഇറാന്റെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു കപ്പലിന് നേരെയും യുഎസ് വെടിയുതിർത്തു.