ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്ന് അനിൽ മേനോനും സംഘവും

ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്ന് അനിൽ മേനോനും സംഘവും

ബൈക്കനൂർ: നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) തന്‍റെ ചരിത്രപരമായ യാത്ര ആരംഭിച്ചു. രണ്ട് റഷ്യൻ ബഹിരാകാശ ഗവേഷകർക്കൊപ്പം സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നടന്നത്. എട്ടു മാസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം പൂർത്തിയാക്കി സംഘം അടുത്ത വർഷം ഏപ്രിലിലാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുക.അമേരിക്കയിലെ മിനസോട്ടയിലുള്ള മിനിയാപൊളിസിൽ ജനിച്ച് വളർന്ന അനിൽ മേനോന്‍റെ പിതൃകുടുംബം കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒറ്റപ്പാലം സ്വദേശികളാണ്. ഇന്ത്യക്കാരനായ ശങ്കരൻ മേനോന്‍റെയും ഉക്രെയ്ൻ സ്വദേശിനിയായ എലിസബത്ത് സമോയ്‌ലെങ്കോയുടെയും മകനാണ് അദ്ദേഹം. പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ അന്ന മേനോനാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

വൈദ്യശാസ്ത്രം, മെക്കാനിക്കൽ എൻജിനീയറിങ്, യുഎസ് സ്പേസ് ഫോഴ്സ് ഫ്ലൈറ്റ് സർജൻ, പൈലറ്റ് എന്നീ നിലകളിലെല്ലാം തന്‍റെ പ്രതിഭ തെളിയിച്ച ശേഷമാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സംഘത്തിന്‍റെ ഭാഗമാകുന്നത്. തന്‍റെ ആദ്യ ബഹിരാകാശ യാത്രയിൽ, ദീർഘകാലത്തെ ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്കുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ കണ്ടെത്തലുകൾ നിർണായകമാകും. റഷ്യൻ ബഹിരാകാശ ഗവേഷകരായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവരും ഈ ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പമുണ്ട്.