ചക്രവാത ചുഴി തമിഴ്‌നാട് തീരത്തേക്ക് :കേരളത്തിൽ മഴയ്ക്ക് സാധ്യത

ചക്രവാത ചുഴി തമിഴ്‌നാട് തീരത്തേക്ക് :കേരളത്തിൽ മഴയ്ക്ക് സാധ്യത

കാസർഗോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി തമിഴ്‌നാട് തീരത്തേക്ക് കടക്കുമ്പോൾ കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനുവരി 9നാണ് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നേരിയ മഴ സാധ്യതയും പ്രവചിക്കുന്നു.

തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. 8ന് പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം 6,7 ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് ഉണ്ടാകുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മേഘങ്ങൾ ആകാശത്ത് നിന്നും പൂർണമായും മാറി നിന്നാൽ രണ്ട് ദിവസം തണുപ്പ് കൂടാനുള്ള സാഹചര്യവുമുണ്ട്. 8ന് 11 ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നത്.

2025ൽ സാധാരണ മഴ: 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ ലഭിച്ച മഴ 2924.8 മില്ലീമീറ്റർ ആണ്. ഇത് ദീർഘകാല ശരാശരിയായ 2890.6 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1 ശതമാനം മാത്രമാണ് വ്യത്യാസം. ലഭിച്ച മഴ കൂടുകയോ കുറയുകയോ ചെയ്‌തിട്ടില്ല. നേരത്തെ എത്തിയ കാലാവർഷം തിമിർത്ത് പെയ്‌തത് കൂടുതൽ മഴ ലഭിക്കാൻ കാരണമായി. മെയ് അവസാന വാരം ജൂൺ–ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലത്ത് ചില ദിവസങ്ങളിൽ ശരാശരി 80–100 മില്ലീമീറ്റർ വരെ മഴ ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് മാസത്തോടെ മഴയുടെ തീവ്രത കുറയുകയും സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ ഇടവിട്ട മഴ തുടരുകയും ചെയ്‌തു. നവംബർ–ഡിസംബർ കാലയളവിൽ മഴ പൊതുവേ കുറഞ്ഞ നിലയിലായിരുന്നെങ്കിലും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി–മാർച്ച് മാസങ്ങളിൽ മഴ വളരെ കുറവായിരുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം വേനൽ മഴയിൽ 116 % അധികം ലഭിച്ചപ്പോൾ ശൈത്യ കാല മഴ (77 % കുറവ്), കാലവർഷം (13%കുറവ്), തുലാവർഷം (21% കുറവ്) എന്നിങ്ങനെ ആണ് കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മൊത്തത്തിൽ മഴ സാധാരണ ആയിരുന്നു. കാലാവർഷം തുടങ്ങിയതിന് ശേഷം20-30 ദിവസം മാത്രമാണ് മഴ ലഭിക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ എല്ലാം കേരളത്തിൽ മഴ ലഭിച്ചു.