" തന്നെ കാണുന്നതിന് മുമ്പേ ,പോറ്റിയുമായി സ്വകാര്യ സംഭാഷണം നടത്തിയത് മുഖ്യമന്ത്രി," :അടൂര്‍ പ്രകാശ്

 "  തന്നെ കാണുന്നതിന് മുമ്പേ ,പോറ്റിയുമായി സ്വകാര്യ സംഭാഷണം നടത്തിയത് മുഖ്യമന്ത്രി," :അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തന്നെ കാണുന്നതിന് മുമ്പേ പോറ്റി മുഖ്യമന്ത്രിയെ കണ്ടുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. പോറ്റിയുമായി സ്വകാര്യ സംഭാഷണം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കകയായിരുന്നു അടൂർ പ്രകാശ്.

കേരളത്തിലെ മുഖ്യമന്ത്രിക്ക് യോജിക്കാത്ത ഒരു കാര്യമാണ് പറഞ്ഞത്. സംസ്ഥാനത്ത് പല മുന്‍മുഖ്യമന്ത്രിമാർ ഭരണം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തില്‍ ആരും സംസാരിച്ചതായി ഓർക്കുന്നില്ലെന്നും പിണറായി വിജയൻ്റെ അന്തസിന് യോജിക്കുന്ന പ്രവർത്തനമായി ഇത് തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുക്കലേയ്‌ക്ക് കൊണ്ടുപോയി എന്നതാണ് തനിക്ക് എതിരെയുള്ള ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് പ്രചരണവേളയിലാണ് പോറ്റിയെ ആദ്യമായി കാണുന്നത്. അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അവ സ്വർണക്കൊള്ളയെ കുറിച്ച് അല്ലെന്നും ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ആ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷം ശബരിമലയിൽ അന്നദാനമുണ്ടെന്നും ആ പരിപാടി ഉദ്‌ഘാടന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി അപ്പോയ്‌മെൻ്റ് എടുത്തിരുന്നു. എംപി എന്ന നിലയില്‍ ഒപ്പം പോയി എന്നത് സത്യം. കാട്ടുകള്ളന്‍ ആണെന്ന് അറിയില്ലായിരുന്നു. സോണിയ ഗാന്ധിയെ വിഷയം ധരിപ്പിച്ചു. സാധാരണ ആളുകൾ ഫോട്ടോ എടുക്കാൻ വരാറുണ്ടെന്നും അവരെ നമ്മുക്ക് ചുഴ്‌ന്ന് നോക്കാൻ ഒന്നും കഴിയില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു. കാട്ടുകള്ളന്മാർക്ക് കൂട്ട് നിൽക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു":ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ കോൺഗ്രസിന് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങൾ വിഡ്ഢികൾ അല്ലെന്നും ഈ കേസിൽ യഥാർഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്‌ഐടി അന്വഷിക്കട്ടെ. എന്നിരുന്നാലും സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പടെ എല്ലായിടത്തും അന്വേഷണം നടത്തണം. പുരതാന വസ്‌തുക്കൾ മോഷണം പോയോ എന്ന് കണ്ടെത്തണമെന്നും ഇതിന് പിന്നിൽ വലിയ മാഫിയ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.