"വ്യവസായ ലോകത്ത് ചൈന കുതിക്കുന്നു, പക്ഷേ അവിടെ ജനാധിപത്യമില്ല": രാഹുല്‍ ഗാന്ധി

"വ്യവസായ ലോകത്ത് ചൈന കുതിക്കുന്നു, പക്ഷേ അവിടെ  ജനാധിപത്യമില്ല": രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ലോകത്ത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വിധം മികച്ചതും സമാനതകളില്ലാത്തതുമായ ഒരു വ്യവസായ സംവിധാനം ചൈന കെട്ടിപ്പടുത്തിട്ടുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ചൈനയുടെ ഭരണരീതി ജനാധിപത്യവിരുദ്ധവും നിർബന്ധിതവുമാണെന്ന് അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി വിദഗ്‌ധരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ചൈനയുടെ വ്യവസായ വ്യൂഹത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു.

ലോകത്തെ വ്യവസായ ഉൽപ്പാദന മേഖല ചൈന കൈയടക്കിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും ഉപഭോഗ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐടി മേഖലയെപ്പോലെയുള്ള ഉപഭോഗ മേഖലകളിലല്ല, മറിച്ച് വ്യവസായ ഉൽപ്പാദന മേഖലയിലാണ് യഥാർത്ഥ തൊഴിലവസരങ്ങൾ ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചൈനയെപ്പോലെ അടിച്ചമർത്തലില്ലാതെ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു വ്യവസായ സംവിധാനം കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് സാധിച്ചാൽ അത് ലോകത്തിന് തന്നെ വലിയൊരു മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ യുദ്ധങ്ങളിൽ (ഉദാഹരണത്തിന് ഉക്രെയ്ൻ-റഷ്യ യുദ്ധം) ഇലക്ട്രിക് മോട്ടറുകൾക്കും ബാറ്ററികൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ സാങ്കേതികവിദ്യയിൽ ചൈനയ്ക്കാണ് ആധിപത്യം. ഇത് ഇന്ത്യക്കും യൂറോപ്പിനും വലിയൊരു പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് മോട്ടർ സാങ്കേതികവിദ്യയിൽ ചൈനയുമായി മത്സരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ. ശരിയായ നയങ്ങളും കാഴ്‌ചപ്പാടും ഉണ്ടെങ്കിൽ ഈ മേഖലയിൽ ഇന്ത്യക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയും. അദാനി, അംബാനി തുടങ്ങിയ വലിയ ബിസിനസ് ഗ്രൂപ്പുകൾ ഉൽപ്പാദന മേഖലയിൽ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും, അവർ പ്രാദേശിക ഉൽപ്പാദനത്തെ തകർക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ ജിഎസ്‌ടി സംവിധാനം ഉൽപ്പാദക സംസ്ഥാനങ്ങളെ തകർക്കുന്നതും ഉപഭോഗ സംസ്ഥാനങ്ങളെ സഹായിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



രാഷ്ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എയ്‌റോസ്‌പേസ് മേഖലയിൽ

താാൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എയ്‌റോസ്‌പേസ് മേഖലയിൽ ഒരു സംരംഭകനാകുമായിരുന്നുവെന്ന് രാഹുൽ  പറഞ്ഞു."ഞാൻ ഒരു പൈലറ്റാണ്, എൻ്റെ പിതാവും അമ്മാവനും പൈലറ്റുമാരായിരുന്നു. അതുകൊണ്ട് തന്നെ ആ ഒരു താൽപ്പര്യം ഞങ്ങളുടെ കുടുംബത്തിലുണ്ട്," അദ്ദേഹം പറഞ്ഞു. ടെക്‌നോപാർക്കിലെ ഐടി വിദഗ്‌ധരുമായി നടത്തിയ സംവാദത്തിനിടെ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹംതാൻ ഒരു രാഷ്ട്രീയക്കാരനാണെന്ന് പലരും നിർവചിക്കാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ താൻ മറ്റ് പല കാര്യങ്ങളും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ രാഷ്ട്രീയക്കാരൻ, സാങ്കേതിക വിദഗ്‌ധൻ, എഞ്ചിനീയർ എന്നിങ്ങനെ വിളിക്കുന്നത് ആ വ്യക്തിയുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്ന നിർവചനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.