മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കട്നി: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു . വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും, ഒരു വിവാഹം മാത്രം കഴിച്ചവർക്ക് മാത്രമേ സംസ്ഥാനത്ത് താമസിക്കാൻ നിയമപരമായ അവകാശമുണ്ടായിരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കട്നി ജില്ലയിൽ ഒരു സ്കൂൾ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരേ ഭരണഘടനയും ഒരേ നിയമവും വേണമെന്നും, രാമനും റഹീമിനും വെവ്വേറെ നിയമങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുത്തലാഖ് സമ്പ്രദായത്തിന് നിലവിലെ നിയമവ്യവസ്ഥയിൽ സ്ഥാനമില്ലെന്നും, ഇനി മുതൽ ഒരു വിവാഹം മാത്രമേ നിയമപരമായി അംഗീകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തി. രാം, റഹീം എന്നീ പേരുകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചത് ഖേദകരമാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫീസ് പറഞ്ഞു. ഭരണഘടന പ്രകാരം ചില ആദിവാസി വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളെപ്പറ്റി മുഖ്യമന്ത്രി ചിന്തിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണമെന്നും കോൺഗ്രസ് ആരോപിച്ചു. ഭോപ്പാലിലെ ജഗദീഷ്പൂരിൽ ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ബിൽ പരിഗണിച്ച ശേഷം നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.