ഡൽഹിയിലെ പാറ്റ സമരം: "ജനാധിപത്യത്തിൻ്റെ പേരിലുള്ള രാഷ്ട്രീയ നാടകം"

ഡൽഹിയിലെ പാറ്റ സമരം: "ജനാധിപത്യത്തിൻ്റെ  പേരിലുള്ള  രാഷ്ട്രീയ നാടകം"

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, പ്രതിഷേധം ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുപകരം, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപകരണമായി മാറുമ്പോൾ അത്  ശക്തമായി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട് .ഡൽഹിയിൽ നടക്കുന്ന പാറ്റ സമരം വിദ്യാർത്ഥികളുടെ  യഥാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ,രാഷ്ട്രീയ സന്ദേശം സൃഷ്ടിക്കാനുള്ള ശ്രമമായാണ് പലരും വിലയിരുത്തുന്നത്. തെരുവുകൾ സ്തംഭിപ്പിക്കുകയും, പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്ത് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്, ജനാധിപത്യമൂല്യങ്ങളോട്  യോജി ക്കുന്ന സമീപനമല്ല.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരെ എന്ത് വിഷയമുണ്ടായാലും അതിനെ പ്രക്ഷോഭമാക്കി മാറ്റാനുള്ള ഒരു പ്രവണത രാജ്യത്ത് വളർന്നുവരുന്നതായി കാണാം. എന്നാൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ്. അടിസ്ഥാനസൗകര്യ വികസനം, ദേശീയ സുരക്ഷ, ഡിജിറ്റൽ ഭരണസംവിധാനം, ക്ഷേമപദ്ധതികൾ, വിദേശനയം തുടങ്ങി വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ കൈവരിച്ച നേട്ടങ്ങളെ അവഗണിച്ച്  തുടർച്ചയായ പ്രതിഷേധ രാഷ്ട്രീയം മാത്രം മുന്നോട്ടുവയ്ക്കുന്നത് രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് ഗുണകരമല്ല.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അവ പാർലിമെന്റിലും, കോടതികളിലും, ചർച്ചാമേശയിലും ഉന്നയിക്കേണ്ടതാണ്. തെരുവ് സമരങ്ങൾ കൊണ്ട് എല്ലാ വിഷയങ്ങൾക്കും പരിഹാരം കാണാനാവില്ല. പ്രതിഷേധത്തിൻ്റെ  പേരിൽ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലാക്കുകയും, രാജ്യത്തിൻ്റെ പ്രതിച്ഛയായെ ബാധിക്കുകയും ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ല.കേന്ദ്രസർക്കാർ രാജ്യത്തിൻ്റെ  വികസനത്തിനും, ജനക്ഷേമത്തിനുമായി മുന്നോട്ടുവയ്ക്കുന്ന നയങ്ങൾക്ക് സൃഷ്ടിപരമായ വിമർശനവും, നിർദ്ദേശങ്ങളും നൽകുന്നതാണ് ജനാധിപത്യത്തിനു ഗുണകരം. എന്നാൽ എല്ലാ വിഷയങ്ങളെയും രാഷ്ട്രീയസമരമാക്കി മാറ്റുന്ന സമീപനം ഒടുവിൽ ജനങ്ങൾതന്നെ തള്ളിക്കളയും.

മോദി സർക്കാറിനെ തകർക്കാനായി നിരവധി രാഷ്‌ട്രീയ ബോംബുകൾ പൊട്ടിക്കുകയും അതൊന്നും രാജ്യത്ത് യാതൊരുവിധ പ്രകമ്പനവും സൃഷ്ട്ടിക്കാതെ വരികയും ചെയ്‌ത  സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ബുദ്ധിപരമായി ഈ സമരം ഏറ്റെടുത്തതുകൊണ്ട് സംഘടിതമായി രാഷ്ട്രീയ നാടകങ്ങൾ കളിക്കാൻ ഇറങ്ങിയിരിക്കുന്നത് . ഇത് ജനം തിരിച്ചറിയുന്നുണ്ട് . കോൺഗ്രസ്സ് പൂർണ്ണമായും അവഗണിച്ചിരുന്ന സമരം രാജ്യം ഏറ്റെടുത്തു എന്ന്  വൈകി തിരിച്ചറിഞ്ഞപ്പോൾ, 'ഓടുന്ന വണ്ടിയിൽ ചാടിക്കയറി ,ഇപ്പോൾ ഞങ്ങളാണ് വണ്ടി ഓടിക്കുന്നത് എന്ന് കോൺഗ്രസ്സ് ജനങ്ങളോട് പറയാൻ ശ്രമിക്കുകയാണ് .ഈ കാപട്യത്തെ തിരിച്ചറിയാനുള്ള പ്രബുദ്ധത ഇന്ത്യയിലെ ജനങ്ങൾക്കുണ്ട് .

ഇന്ത്യക്ക് ഇന്ന് വേണ്ടത് നിരന്തരമായ ഏറ്റുമുട്ടലുകളല്ല.മറിച്ച്‌  വികസനവും, സ്ഥിരതയും, ഉത്തരവാദിത്വബോധവു മുള്ള ജനാധിപത്യസംവാദവു മാണ്. രാജ്യത്തിന്റെ പുരോഗതിയെ മുൻനിറുത്തി പ്രവർത്തിക്കുന്ന സർക്കാരിന് ക്രിയാത്മകമായ പിന്തുണ നൽകുകയും, അനാവശ്യരാഷ്ട്രീയസമരങ്ങളെ ജനങ്ങൾ വിവേകത്തോടെ വിലയിരുത്തുകയും ചെയ്യേണ്ട സമയമാണിത്.


ഹരികുമാർ മേനോൻ 

വൈസ് പ്രസിഡന്റ്‌ ,

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി )