ആന്ധ്രയിൽ കോവിഡ് വ്യാപനം!?: മൂന്നാഴ്ചയ്ക്കിടെ 12 രോഗബാധിതർ, 4 മരണം

അമരാവതി: ആന്ധ്രാപ്രദേശിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇതിൽ മറ്റ് ഗുരുതര രോഗബാധകൾ ഉണ്ടായിരുന്ന നാല് പേർ മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നവരാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ കോവിഡ് കേസ് ജൂൺ 26-ന് കടപ്പ ജില്ലയിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും കടപ്പ ജില്ലയിലാണ്. 8കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ടൂരിൽ രണ്ടും, വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവുമാണ് രേഖപ്പെടുത്തിയത്.വിവിധ മണ്ഡലങ്ങളിലായി ഒറ്റപ്പെട്ട രീതിയിലാണ് കേസുകൾ കണ്ടെത്തിയതെന്നും, ഒരു പ്രദേശത്ത് മാത്രമായി രോഗം പടരുന്ന ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട നാല് പേരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. രോഗബാധിതരിൽ ഒരാളെ തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി ആശുപത്രിയിലാണ് കണ്ടെത്തിയത്.
നിലവിൽ മൂന്ന് പേർ ഹോം ഐസൊലേഷനിലും രണ്ട് പേർ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്ന് പേർ രോഗമുക്തി നേടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.