CPM ജില്ലാ കമ്മിറ്റിഓഫീസ് - 'അഴീക്കോടൻ സ്മാരക മന്ദിരം' ഇന്ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

CPM ജില്ലാ കമ്മിറ്റിഓഫീസ് - 'അഴീക്കോടൻ സ്മാരക മന്ദിരം' ഇന്ന്   പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : 15 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച സിപിഎമ്മിന്‍റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസായ 'അഴീക്കോടൻ സ്മാരക മന്ദിരം' ഇന്ന്   പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് മൈതാനിയിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും .കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചത്.  20 മാസം കൊണ്ടാണ്  ഇതിൻ്റെ  പണി പൂർത്തിയാക്കിയത്.1972 സെപ്റ്റംബർ 23നാണ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിയായത്. അതിന് പിന്നാലെ, 1973 ഡിസംബർ 5ന് തളാപ്പിലെ അഴീക്കോടൻ സ്മാരക മന്ദിരം എ.കെ.ജി. ഉദ്ഘാടനം ചെയ്തു. ഇ.എം.എസ്. അധ്യക്ഷനായിരുന്നു. അന്നേ ദിവസം തന്നെ 52 വർഷം പഴക്കം കാണിച്ചിരുന്ന കെട്ടിടം, പിന്നീട് പാർട്ടിയുടെ ചരിത്രസ്മാരകമായി മാറി. തുടർന്ന് എ.കെ.ജി.യുടെ സ്മരണയ്ക്കായി 1980ൽ എ.കെ.ജി. സ്മാരക ഹാൾ പണിതു. 2000ൽ ചടയൻ ഗോവിന്ദൻ സ്മാരക മന്ദിരവും ഉയർന്നു. ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, പഴയ മാതൃകയും ആധുനിക രൂപകൽപ്പനയും സംയോജിപ്പിച്ചാണ് ഇപ്പോഴത്തെ സ്മാരക മന്ദിരം പണികഴിപ്പിച്ചത്.പാർട്ടി അംഗങ്ങളുടെ ഐക്യവും  ആത്മാർത്ഥതയും  ഈ കെട്ടിടം രൂപം കൊണ്ടതിൻ്റെ  പിന്നിലുണ്ട് .  പാർട്ടി അംഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും മാത്രമാണ് ഇതിനായി സംഭാവന സ്വീകരിച്ചത്, പുറം സംഭാവനകൾ ഇല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിവരങ്ങൾ പ്രകാരം 65,466 പാർട്ടി അംഗങ്ങൾ 500 രൂപ വീതം സംഭാവന നൽകി. 18 ഏരിയ കമ്മിറ്റികൾ, 249 ലോക്കൽ കമ്മിറ്റികൾ, 4,421 ബ്രാഞ്ചുകൾ, 26,322 അനുഭാവി ഗ്രൂപ്പുകൾ എന്നിവയും പദ്ധതിക്ക് പിന്തുണ നൽകി. ഇങ്ങനെ 15 കോടിയിലേറെ രൂപ സ്വരൂപിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.വെള്ളാപ്പള്ളി ബ്രദേഴ്സ് ആണ്  ഇതിൻ്റെ  നിർമാണം ഏറ്റെടുത്തത്. അഞ്ചുനിലകളിലായി 60,000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയായാണ് കെട്ടിടം പണികഴിപ്പിച്ചത്. എകെജി ഹാൾ, ചടയൻ ഹാൾ, പാഠ്യം ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ ഇവിടെ പ്രവർത്തിക്കും. 500 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, പാർട്ടി മീറ്റിങ് ഹാൾ, സോഷ്യൽ മീഡിയ റൂം, താമസ മുറികൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും കെട്ടിടത്തിന്‍റെ ഭാഗമാണ്. പഴയ കെട്ടിടത്തിന്‍റെ തടികൾ തന്നെ പുനരുപയോഗിച്ച് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയതും ഇതിന്‍റെ പ്രത്യേകതകളിൽ ഒന്നാണ്. പഴയതിന്‍റെ ആത്മാവും പുതുമയുടെ ഭംഗിയും ഒന്നിപ്പിച്ചാണ് ഈ സ്മാരക മന്ദിരം ഉയർന്നിരിക്കുന്നത്