അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു: പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി - സിപിഎം ഡീല്‍ ആരോപണം ശക്തമാക്കി പ്രിയങ്ക ഗാന്ധി. സിപിഎമ്മിനെ കടന്നാക്രമിച്ച പ്രിയങ്ക ഗാന്ധി ബിജെപിയുടെ കേരളത്തിലെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആക്ഷേപവും ഉന്നയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു ഇടതുപക്ഷ നേതാവിനെ പോലും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തില്ലെന്നും വയനാട് എംപി കൂടിയായ പ്രിയങ്ക ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഈ നാട് ഭരിക്കുന്നത് ഭീരുക്കള്ളാണ്. പിണറായി സ്വയം രക്ഷിക്കാന്‍ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മറ്റൊരിടത്തും ഇല്ലാത്ത സംസ്കാരം കേരളത്തിനുണ്ട്. എന്നാല്‍, കേരളത്തിലെ ആശ, അംഗനവാടി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഇടതു സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗമായി കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നു. കൊട്ടിയത്തെ ദേശീയപാത നിര്‍മാണത്തിലും അഴിമതി പ്രകടമാണ്. കൊല്ലത്തെ ടൂറിസം മേഖലകളെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല.കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുകയാണ് എന്നും പ്രിയങ്ക പറഞ്ഞു. അദാനി തീരം കവരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് കൂട്ടുനിന്നു. യഥാര്‍ത്ഥ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുളള അവസരമാണ് ഇപ്പോള്‍. ജനങ്ങള്‍ ആ അവസരം ഉപയോഗിക്കണം. ജനങ്ങള്‍ക്ക് ആശ്വാസം നല്കാനുള്ളതാണ് യുഡിഎഫിന്റെ 5 ഗ്യാരന്റികള്‍. കര്‍ണാടകയിലും രാജസ്ഥാനിലും നടപ്പിലാക്കിയ കാര്യങ്ങളാണ് ഉറപ്പുകളായി പറയുന്നത് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം : "മോദി നട്ടെല്ലില്ലാത്ത ഭീരു"
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നട്ടെല്ലില്ലാത്ത ഭീരുവെന്ന് പരിഹസിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര എംപി. മധ്യേക്ഷയില്‍ ഇപ്പോള്‍ നടന്നു വരുന്ന യുദ്ധത്തിന് ഏറ്റവും വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. യുദ്ധം ആരംഭിച്ച ശേഷം നമ്മുടെ ഇന്ധന വിലയും എല്‍പിജി വിലയും അനുദിനം കുതിച്ചു കയറുകയാണ്.
മോദി നമ്മുടെ ഇന്ധന സുരക്ഷ അമേരിക്കയ്ക്ക് പണയം വച്ചു. നമ്മള് എവിടെ നിന്നു ഇന്ധനം വാങ്ങണണെന്ന് തീരുമാനിക്കുന്നത് അമേരിക്കയാണ്. നമ്മള് അമേരിക്കയുമായി ഒപ്പിട്ട കരാര്‍ പ്രകാരം കോടിക്കണക്കിനു രൂപയുടെ ഉത്പ്പന്നങ്ങളാണ് അമേരിക്കയില്‍ നിന്നു വാങ്ങേണ്ടത്. അമേരിക്കയിലെ അത്യാധുനിക യന്ത്രവത്കൃതമായ കാര്‍ഷിക മേഖലയുമായിട്ടാണ് നമ്മുടെ പാവപ്പെട്ട കര്‍ഷകര്‍ക്കിനി മത്സരിക്കേണ്ടി വരുന്നത്.ഇതിനെല്ലാം കാരണം നട്ടെല്ലില്ലാത്ത ഒരു ഭീരുവായ പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്നതു കൊണ്ടാണ്. മധ്യേഷ്യയിലെ പ്രശ്നങ്ങള്‍ കാരണം നമ്മുടെ നിരവധി സഹോദരീ സഹോദരന്മാര് ഗള്‍ഫ് മേഖലകളില്‍ കുടിങ്ങിയിരിക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാരിൻ്റെ ഒരു നയവും ഈ ബുദ്ധിമുട്ടില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് സഹായകരമാകുന്നില്ല.അതേസമയം അമേരിക്കകയ്ക്കും ഇസ്രായേലിനും മുന്നില്‍ നമ്മുടെ രാജ്യം തലകുനിച്ചു നില്ക്കുന്നു. ഏതോ എപ്സ്റ്റീന് ഫയലില്‍ പേരുള്ളതു കൊണ്ട് അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഇന്ത്യാക്കാര്‍ വില കൊടുക്കേണ്ട സ്ഥിതിയാണ്. ഈ മഹത്തായ രാജ്യത്തിൻ്റെ മുഴുവന്‍ ആസ്തികളും മോദി തൻ്റെ സുഹൃത്തായ അദാനിക്കു തീറെഴുതുകയാണ്.
അതിനുള്ള വില ഇന്ത്യാക്കാര്‍ ഓരോ ദിവസവും നല്‍കേണ്ടി വരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, കേരള മുഖ്യമന്ത്രി മോദിയുടെ ബീടീമായി പ്രവര്‍ത്തിക്കുകയാണ്. എന്തു കൊണ്ടാണ് കേരളത്തിലെ ഒരു ഇടതു പക്ഷ നേതാവിനെയും നരേന്ദ്രമോദി വിമര്‍ശിക്കാത്തത്. ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. ബിജെപിയും ഇടതു പാർട്ടികളും അഴിമതി നിറഞ്ഞ മുതലാളിത്ത പാര്‍ട്ടികളാണ്