ഷെയർ മാർക്കറ്റ് വിദഗ്ധരുടെ വീഡിയോകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് : നാല് പേർ അറസ്റ്റിൽ.

മുംബൈ : നഗരത്തിലെ വിവിധ ഷെയർ മാർക്കറ്റ് വിദഗ്ധരുടെ വീഡിയോകൾ വ്യാജമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിക്ഷേപകരെ കണ്ടെത്തി തട്ടിപ്പിനിരയാക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനത്തിലെ നാല് എക്സിക്യൂട്ടീവുകളെ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ പ്രശസ്തനായ ഒരു റിസർച്ച് അനലിസ്റ്റിൽ നിന്ന് സെപ്റ്റംബർ 29 ന് ലഭിച്ച പരാതിയിൽ നടത്തിയ അന്യേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു.വിദേശ രാജ്യങ്ങളിൽ ഇരിക്കുന്ന സൈബർ തട്ടിപ്പുകാരുടെ ഒരു സംഘം തന്റെ പേര് ഉപയോഗിച്ച് നിരപരാധികളായ ആളുകളെ കബളിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ വീഡിയോകൾ പോസ്റ്റ് ചെയ്തതായിശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതിക്കാരൻ സൈബർ പോലീസിനെ സമീപിച്ചത്.ഈ വീഡിയോകളിലൂടെ ആളുകളോട് വിവിധ ഓഹരികളിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും വീഡിയോയ്ക്ക് താഴെയുള്ള ലിങ്ക് വഴി ഇവരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയതിനു ശേഷം അംഗങ്ങളായവരോട് നല്ല പണം സമ്പാദിക്കാനുള്ള ഉപദേശങ്ങൾ നൽകി തട്ടിപ്പിന് ഇരയാക്കുക എന്നതാണ് പ്രതികളുടെ രീതി എന്ന് പോലീസ് പറഞ്ഞു. പ്രതികൾ നൽകുന്ന വ്യാജ ആപ്ലിക്കേഷൻ ലിങ്കുകൾ വഴി ആളുകൾ പണം ഓഹരികളിൽ നിക്ഷേപിക്കുമെന്നും അവർക്ക് വലിയ ലാഭം കാണിക്കുമെന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, അവർക്ക് പണം പിൻവലിക്കാൻ കഴിയില്ല.
ആദ്യം പണം ട്രാൻസ്ഫർ ചെയ്ത ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികൾ കംബോഡിയയിൽ താമസിക്കുന്നവരാണെന്നും ചൈനക്കാർക്ക് വേണ്ടി ജോലി ചെയ്യുന്നവരാണെന്നും പോലീസ് കണ്ടെത്തി. കംബോഡിയയിൽ സൂചനകൾക്കായി കാത്തിരിക്കുന്നതിനിടയിൽ, ഇത്തരം വഞ്ചനാപരമായ പോസ്റ്റുകൾ വൈറലാക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലീസ് തീരുമാനിച്ചു.തുടർന്ന് അസമിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്ത ഒരു സ്ത്രീയെ പോലീസ് കണ്ടെത്തി. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ 'വാല്യൂലീഫി'ൽ ജോലി ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ, നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീയുടെ അക്കൗണ്ട് ഫ്ലാഗ് ചെയ്തിരുന്നെങ്കിലും അവർ ആ പോസ്റ്റുകൾ തുടർന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിലെ സൈബർ തട്ടിപ്പുകളിൽ നിന്ന് പ്രതികൾ 3 കോടി രൂപ സമ്പാദിച്ചിട്ടുണ്ട്, ദുബായിൽ അവർ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള അന്യേഷണം ഇപ്പോഴുംതുടരുകയാണെന്നും പോലീസ് പറഞ്ഞു.“സോഷ്യൽ മീഡിയയിലെ പ്രമോട്ടഡ് പരസ്യങ്ങൾ കാരണം നിരവധി ആളുകൾ വഞ്ചിക്കപ്പെടുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. വിദഗ്ദ്ധർ തങ്ങളെ നയിക്കുന്നുണ്ടെന്ന് കരുതിയാണ് ആളുകൾ ഇത്തരം തട്ടിപ്പുകളിൽ വീഴുന്നത്,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പുരുഷോത്തം കരാഡ് പറഞ്ഞു."തങ്ങളുടെ പണം തൽക്ഷണം ഇരട്ടിയാക്കുമെന്ന് അവകാശപ്പെടുന്ന വാഗ്ദാനങ്ങളിൽ ആളുകൾ വീഴരുത്. സൈബർ തട്ടിപ്പുകൾ സുസ്ഥിരമായ സ്ഥാപനങ്ങളുടെയും അർഹരായ ആളുകളുടെയും അതേ പേരിൽ വ്യാജ കമ്പനികളെ സൃഷ്ടിക്കുന്നു," വെസ്റ്റേൺ സൈബർ പോലീസിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സുവർണ ഷിൻഡെ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ നിവാസികളായ ജിഗിൽ സെബാസ്റ്റ്യൻ (44), ദീപായൻ ബാനർജി (30), ഡാനിയേൽ അറുമുഖം (25), താനെയിലെ കൊപ്രി നിവാസിയായ ചന്ദ്രശേഖർ നായിക് (42) എന്നിവരെയാണ് വെസ്റ്റ് സൈബർ പോലീസ് അറസ്റ്റുചെയ്തത്.