ഡാറ്റാ ചോർച്ച കോടതിയിലേയ്ക്ക് ; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ജീവനക്കാരുടെ ഹര്‍ജി ഉടന്‍

ഡാറ്റാ ചോർച്ച കോടതിയിലേയ്ക്ക് ; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ജീവനക്കാരുടെ ഹര്‍ജി ഉടന്‍

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡി.എ, ഡി.ആർ എന്നിവ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചതിൽ ഡാറ്റാ ചോർച്ച ആരോപിച്ച് ജീവനക്കാർ നിയമനടപടിയിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മൊബൈലിലേക്ക് സന്ദേശം ലഭിച്ച ഒന്നിലധികം ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗവും കോളജ് അധ്യാപകനുമായ റഷീദ് അഹമ്മദ് ഉൾപ്പെടെയുള്ളവർ വരുംദിവസങ്ങളിൽ കോടതിയിൽ ഹർജി ഫയൽ ചെയ്യും.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് സ്പ്രിംഗ്ലർ കേസിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി മുൻനിര്‍ ത്തിയാവും ഹർജി നൽകുക. സ്പ്രിംഗ്ലർ കേസ് കൈകാര്യം ചെയ്ത അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാവും ജീവനക്കാർ കോടതിയെ സമീപിക്കുക. ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' (SPARK) പോർട്ടലിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി നിർബന്ധമായും നൽകേണ്ട ഫോൺ നമ്പർ ദുരുപയോഗം ചെയ്തതും സ്വകാര്യതാ ലംഘനവുമാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.ഏകദേശം 77.42 ലക്ഷം പേരുടെ ഔദ്യോഗിക വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 62 ലക്ഷം ക്ഷേമ പെൻഷൻകാർ, 5.42 ലക്ഷം സർക്കാർ ജീവനക്കാർ, 10 ലക്ഷം സ്ത്രീ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ എന്നിവരുടെ പേരും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചത്.

സർക്കാർ ഔദ്യോഗിക ആവശ്യത്തിനായി ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ മറ്റ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടത്തിന്‍റെ ലംഘനമാണിതെന്ന് ആരോപണമുണ്ട്. 2023-ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമമനുസരിച്ച് (DPDP Act), ഒരു പ്രത്യേക ആവശ്യത്തിനായി ശേഖരിക്കുന്ന ഡാറ്റാ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമാണ്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുറമേ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ, സംരംഭകർ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്. ഒരാളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ അയാളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2020-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്പ്രിംഗ്ലർ കേസിലായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഇതിനായി പ്രത്യേക ഫോം ഒപ്പിട്ടുവാങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.കൂടാതെ, കേന്ദ്ര രജിസ്ട്രിയിൽ 'ഡു നോട്ട് ഡിസ്റ്റർബ്' (DND) സൗകര്യം ഉപയോഗിക്കുന്നവർക്ക് പോലും ഇത്തരം പ്രചാരണ സന്ദേശങ്ങൾ എത്തിയത് സ്വകാര്യതാ ലംഘനമായി കണക്കാക്കപ്പെടുന്നു. സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞ വർഷം ഈ ഡേറ്റകൾ താരതമ്യം ചെയ്തിരുന്നു. അന്ന് ഡേറ്റാ സുരക്ഷ കണക്കിലെടുത്ത്, അനധികൃതമായി പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ പോലും വിവരാവകാശ നിയമപ്രകാരം നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.

സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഔദ്യോഗിക ഡേറ്റ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം കൈകാര്യം ചെയ്ത ഈ വിവരങ്ങൾ പുറത്തുപോയാൽ ഡാർക്ക് വെബ്ബ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദേശം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം

ജീവനക്കാർക്ക് സന്ദേശമയച്ച മുഖ്യമന്ത്രിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ്  പറഞ്ഞു. "ജീവനക്കാർക്ക് ലഭിച്ചത് തെറ്റിദ്ധാരണാജനകമായ സന്ദേശമാണ്.ശമ്പള ഇനത്തിലും മറ്റുമായി വലിയൊരു തുക സർക്കാർ പിടിച്ചുവെച്ചിരിക്കുകയാണ്. ഹർജി നൽകുന്നതിനായി വക്കാലത്ത് നൽകിക്കഴിഞ്ഞു. ഔദ്യോഗിക ആവശ്യത്തിന് നൽകിയ മൊബൈൽ നമ്പർ പ്രമോഷൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്," അദ്ദേഹം വ്യക്തമാക്കി.