ഡേറ്റിങ് ആപ്പ് വഴി സൗഹൃദം; യുവതിക്ക് സ്വര്‍ണവും പണവുംനഷ്ട്ടമായി

ചെന്നൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ മൂന്ന് പവൻ സ്വർണാഭരണങ്ങളും 90,000 രൂപയും കവർന്നു. കോയമ്പത്തൂരില്‍ യുവാവ് അറസ്റ്റില്‍. രാമനാഥപുരം സ്വദേശിയായ തരുണാണ് (28) പിടിയിലായത്.ഡിണ്ടിഗലിലെ ഡിഎസ്‌പി തങ്കപാണ്ഡ്യൻ്റെ മകനാണ് തരുണ്‍. പൊള്ളാച്ചി സ്വദേശിയായ 25കാരിയാണ് പരാതിക്കാരി. പൊള്ളാച്ചിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി അടുത്തിടെയാണ് ഡേറ്റിങ് ആപ്പിലൂടെ തരുണിനെ പരിചയപ്പെട്ടത്. ആപ്പിലൂടെ ചാറ്റ് ചെയ്‌ത് സൗഹൃദത്തിലായ ഇരുവരും നവംബർ 2ന് നേരിട്ട് കാണാൻ തീരുമാനിച്ചു.അന്ന് വൈകുന്നേരം 6 മണിക്ക് പാപനായക്കൻപാളയത്ത് എത്തിയ ഇരുവരും നേരില്‍ കണ്ടു. പിന്നാലെ തരുണ്‍ യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി. ഇതിനിടെ കെകെ സവാഡി പ്രൈവറ്റ് കോളജിന് സമീപമെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയ യുവാവ് സുഹൃത്തിനെയും കാറില്‍ കയറ്റി.
തുടര്‍ന്ന് യാത്ര തുടരവേ തരുണും സുഹൃത്തും യുവതിയെ ഭീഷണിപ്പെടുത്തി. യുവതി ധരിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 90,000 രൂപയും കവര്‍ന്നു.ഇതിന് പിന്നാലെ യുവതിയെ കോയമ്പത്തൂർ-ട്രിച്ചി റോഡിൽ യുവാക്കള്‍ ഇറക്കിവിട്ടു. പിന്നീട് തരുൺ സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തു. ശേഷം ഹോട്ടലിന്‍റെ ലോക്കേഷന്‍ അയച്ച് നല്‍കിയ ഇയാള്‍ യുവതിയോട് അവിടെയെത്താന്‍ നിര്‍ദേശിച്ചു. യുവാവിന്‍റെ ഭീഷണിയില്‍ ഭയപ്പെട്ട യുവതി വേഗത്തില്‍ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. ഇതിന് പിന്നാലെ കോയമ്പത്തൂർ റേസ് കോഴ്‌സ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തു. കോടതിയില്‍ അറസ്റ്റ് ചെയ്‌ത തരുണിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഓൺലൈൻ ആപ്പുകൾ വഴി ഡേറ്റിങ് നടത്തുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു."ധാരാളം കോളജ് വിദ്യാർഥികൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകൾ വഴി അവർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നു, പക്ഷേ ഇത് വിവിധ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം കേസുകൾ സൈബർ കുറ്റകൃത്യ വിഭാഗത്തിന് കീഴിലായതിനാൽ പൊലീസിന് ഇവ പൂർണമായും നിരീക്ഷിക്കാൻ പ്രയാസമാണ്. അതിനാൽ കെണിയിൽ വീഴാതിരിക്കാൻ മാതാപിതാക്കൾ കുട്ടികളെ ട്രാക്ക് ചെയ്യുകയും അവരുമായി ചർച്ച ചെയ്യുകയും വേണം" അദ്ദേഹം കൂട്ടിച്ചേർത്തു.