മുംബൈയിൽ മരണം 15 ആയി; റെഡ് അലർട്ട് തുടരുന്നു

മുംബൈയിൽ മരണം 15 ആയി; റെഡ് അലർട്ട് തുടരുന്നു

മുംബൈ: സംസ്ഥാനത്ത്  ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു. മുംബൈ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന മുംബൈ-പുണെ എക്സ്പ്രസ് വേയിലെ 'മിസ്സിങ് ലിങ്ക്' ബൈപാസ് 18 മണിക്കൂറുകൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നു.

നഗരത്തിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ ഇതുവരെ വെള്ളം കയറി തുടങ്ങിയിട്ടില്ലെങ്കിലും നഗരങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നാസിക്കിൽ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. നാളെയും മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴക്കെടുതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിച്ച് മിസ്സിങ് ലിങ്ക്

സഹ്യാദ്രി മലനിരകളിലൂടെ കടന്നുപോകുന്ന മിസ്സിങ് ലിങ്കിലെ ഏറ്റവും വലിയ തുരങ്കമായ ടണൽ രണ്ടിൻ്റെ എക്സിറ്റിന് സമീപം ഞായറാഴ്ച പുലർച്ചെ നാലോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് മുംബൈയിലേക്കുള്ള പാത പൂർണമായും അടച്ചിടുകയായിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാത്രി 10.10ഓടെയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള ഇടത് ഭാഗത്തെ രണ്ട് വരി പാതകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെൻ്റ് കോർപറേഷൻ (എംഎസ്ആർഡിസി) ഉദ്യോഗസ്ഥർ അറിയിച്ചു. മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ചാൽ തകർന്നതിനാൽ മലമുകളിൽ നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അതിനാൽ വലത് ഭാഗത്തെ വരി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

തുരങ്കത്തിന് മുകളിൽ മഴവെള്ളം തിരിച്ചുവിടാൻ നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നതായി എംഎസ്ആർഡിസി വ്യക്തമാക്കി. വലിയ പാറകളും മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തിയതാണ് സംരക്ഷണ ഭിത്തിക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായത്. എന്നാൽ തുരങ്കത്തിന് ഘടനാപരമായ തകരാറുകൾ സംഭവിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഗതാഗതം നിർത്തിവച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. പാത അടച്ചതോടെ മുംബൈയിലേക്കുള്ള വാഹനങ്ങൾ ലോണാവാല ഘട്ട് വഴിയുള്ള പഴയ എക്സ്പ്രസ് വേയിലൂടെ തിരിച്ചുവിട്ടിരുന്നു. എന്നാൽ ഘട്ട് മേഖലയിലുണ്ടായ മണ്ണിടിച്ചിലും ഖലാപ്പൂരിന് സമീപത്തെ വെള്ളക്കെട്ടും കാരണം പകൽ സമയത്ത് ഈ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ഉർസെ തുരങ്കത്തിന് സമീപം ഉൾപ്പെടെ എക്സ്പ്രസ് വേയുടെ മറ്റ് പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. പഴയ മുംബൈ-പുണെ ഹൈവേയിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. എന്നാൽ വെള്ളം ഇറങ്ങുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തതോടെ ഈ ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി ഖലാപ്പൂരിലെ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.മിസ്സിങ് ലിങ്കിലെ മുംബൈയിലേക്കുള്ള പാത മാത്രമാണ് അടച്ചിട്ടിരുന്നത്. ടണൽ രണ്ടിന് സമീപത്തെ അവശിഷ്ടങ്ങൾ ഉച്ചയോടെ തന്നെ നീക്കം ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയായി തുരങ്കത്തിന് മുകളിലെ ചരിവുകളിൽ ഇളകിക്കിടക്കുന്ന പാറകളോ മറ്റ് അപകടസാധ്യതകളോ ഉണ്ടോയെന്ന് പരിശോധിക്കാൻ എൻജിനിയർമാർ വിശദമായ പരിശോധന നടത്തി.തുടർച്ചയായ കനത്ത മഴയും ശക്തമായ കാറ്റും കാരണം പരിശോധനകൾ നീണ്ടുപോയതാണ് പാത തുറക്കാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സുരക്ഷാ, സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി വാഹനഗതാഗതത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തുരങ്കം തുറന്നതെന്ന് എംഎസ്ആർഡിസി വ്യക്തമാക്കി. കണക്ടിങ് ലിങ്കിൽ ഗതാഗതം പുനഃസ്ഥാപിച്ചതായും സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

കനത്ത മഴയും ശക്തമായ കാറ്റും കാഴ്ചപരിമിതിയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിലും പാത സുരക്ഷിതമായി തുറക്കുന്നതിനായി കോർപറേഷൻ്റെ സംഘം നിരന്തരം പ്രവർത്തിച്ചതായി എംഎസ്ആർഡിസി എക്സിൽ കുറിച്ചു. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് റോഡ് വൃത്തിയാക്കുകയും സാങ്കേതിക വിദഗ്ധർ ടണൽ രണ്ടും സമീപത്തെ ചരിവുകളും പരിശോധിച്ച് യാത്രക്കാർക്ക് അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഡ്രോൺ സർവേകൾ നടത്താൻ ശ്രമിച്ചെങ്കിലും കനത്ത മഞ്ഞും മഴയും കാറ്റും കാരണം അത് സാധ്യമായില്ല.

മെയ് ഒന്നിന് ഗതാഗതത്തിനായി തുറന്നുകൊടുത്ത മിസ്സിങ് ലിങ്ക് 94 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയിലെ 13.3 കിലോമീറ്റർ വരുന്ന പുതിയ പാതയാണ്. രണ്ട് ഇരട്ട തുരങ്കങ്ങളും ഒരു കേബിൾ സ്റ്റേഡ് പാലവും ഉൾപ്പെടുന്ന ഈ പാത ലോണാവാല-ഖണ്ടാല ഘട്ട് മേഖലയെ ഒഴിവാക്കി യാത്രാദൂരം 5.7 കിലോമീറ്റർ കുറയ്ക്കാനും മുംബൈ-പുണെ യാത്രാസമയം 20 മുതൽ 30 മിനിറ്റ് വരെ ലാഭിക്കാനും സഹായിക്കുന്നതാണ്.