ഡൽഹിസ്‌ഫോടനം; കാറോടിച്ചത് ഡോ.ഉമര്‍ മുഹമ്മദെന്ന് സൂചന,

ഡൽഹിസ്‌ഫോടനം; കാറോടിച്ചത്  ഡോ.ഉമര്‍ മുഹമ്മദെന്ന് സൂചന,

ന്യുഡൽഹി : രാജ്യതലസ്ഥാനത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിനായി ഉപയോഗിച്ച i20 കാര്‍ പല ഉടമകളിലായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാഹനം ഔദ്യോഗിക  കൈമാറ്റ  രേഖകളില്ലാതെ നാല് തവണ കൈമാറ്റം ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഫരീദാബാദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്  സംശയിക്കുന്നുണ്ട് .പുല്‍വാമ നിവാസിയും ഡോക്‌ടറുമാ ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍റെ പാര്‍ക്കിങ് ഏരിയയ്‌ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ തകര്‍ന്ന ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതെന്നാണ്  സൂചന. ഉമര്‍ മുഹമ്മദിന്‍റെ കുടുംബത്തെ പോലീസ്  കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്ററുകൾ എന്നിവ സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചെങ്കോട്ടയ്‌ക്ക് സമീപത്തെ കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുഖമൂടി ധരിച്ച ഒരാള്‍ കാറോടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേ ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലെയും സിസിടിവി പരിശോധിക്കാന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.നേരത്തെ ഫരീദാബാദിലെ മെഡിക്കല്‍ കോളജില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കളില്‍ അമോണിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും കണ്ടെത്തിയിരുന്നു. ഇതില്‍ 360 കിലോഗ്രാം അമോണിയം നൈട്രേറ്റായിരുന്നു. അതുകൊണ്ട് തന്നെ ഫരീദാബാദിലെ സംഭവവുമായി ഡല്‍ഹി സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഈ  സംഭവവുമായി ബന്ധമുള്ളയാളായിരുന്നു ഉമര്‍ മുഹമ്മദ്. ഇയാള്‍ക്ക് ജെയ്‌ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ട്.  സംഭവത്തിന് പിന്നാലെ ഉമറിന്‍റെ കൂട്ടാളിയായ പുല്‍വാമ സ്വദേശി താരിഖ് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേ താനും പിടിയിലാകുമെന്ന ഭയത്തിലാണ് ഉമര്‍ സ്‌ഫോടനം നടത്തിയിട്ടുണ്ടാകുകയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

മെട്രോ സ്റ്റേഷന്‍ അടച്ചു:

ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു. മറ്റ് സ്റ്റേഷനുകള്‍ സാധാരണത്തേത് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍) എക്‌സിലൂടെ അറിയിച്ചു.