ദീപാവലി നിറവില്‍ രാജ്യം; ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ദീപാവലി ആഘോഷ നിറവിലാണ് രാജ്യം. ദീപങ്ങള്‍ തെളിയിച്ചും മധുരം നല്‍കിയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ് ജനങ്ങള്‍. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡന്‍റ് സി പി രാധാകൃഷ്‌ണന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദപരമായും ഉത്സവം ആഘോഷിക്കാന്‍ രാഷ്ട്രപതി എല്ലാവരോടും അഭ്യര്‍ഥിച്ചു. പാവപ്പെട്ടവനെ സഹായിക്കാനും പിന്തുണയ്ക്കാനും അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാനുമുള്ള അവസരം കൂടിയാണ് ഈ ഉത്സവമെന്ന് മുര്‍മു പറഞ്ഞു.സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദപരമായും ദീപാവലി ആഘോഷിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ ദീപാവലി എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഹൃദയംഗമമായ ആശംസകളും, രാഷ്‌ട്രപതി മുര്‍മു പറഞ്ഞു."ഇരുട്ടിനു മേൽ വെളിച്ചത്തിന്‍റെയും, അജ്ഞതയ്ക്കു മേൽ അറിവിന്‍റെയും, തിന്മയ്ക്കു മേൽ നന്മയുടെയും വിജയത്തെയാണ് ഈ ഉത്സവം പ്രതീകപ്പെടുത്തുന്നത്. രാജ്യമെമ്പാടും അത്യധികം ആവേശത്തോടെ ആഘോഷിക്കുന്ന ദീപാവലിയുടെ ശുഭകരമായ ഈ സന്ദർഭം പരസ്പര സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം നൽകുന്നു. ദിവസം ആളുകള്‍ ലക്‌മി ദേവിയെ ആരാധിക്കുന്നു", മുര്‍മു നല്‍കിയ ദീപാവലി സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയും സോഷ്യൽ മീഡിയയിലൂടെ ദീപാവലി ആശംസകൾ നേർന്നു."ദീപാവലി ആശംസകൾ. ഈ ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതങ്ങളെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. സന്തോഷവും സമാധാനവും നമ്മുടെ ചുറ്റും നിലനില്‍ക്കട്ടെ", മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഉത്സവവേളയില്‍ സ്വദേശത്ത് തന്നെ നിര്‍മിച്ച ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.വൈസ് പ്രസിഡന്‍റ് സി പി രാധാകൃഷ്‌ണനും ജനങ്ങളെ ആശംസിച്ചു. അജ്ഞതയ്ക്കെതിരായ അറിവിന്‍റെ വിജയത്തെ പ്രതീകപ്പെടുത്തുന്നതാണ് ഈ ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു.ഈ വർഷം ദീപാവലി ആഘോഷിക്കുമ്പോൾ, നമ്മുടെ സ്വന്തം നന്മയ്ക്കായി മാത്രമല്ല, രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിക്കും വേണ്ടി, നിഷേധാത്മകതയും അധർമ്മവും ഉപേക്ഷിച്ച് പോസിറ്റീവിറ്റിയും ധർമ്മവും സ്വീകരിക്കാം", വൈസ് പ്രസിഡന്‍റ് പറഞ്ഞു.

"പ്രകാശത്തിന്‍റെ സന്തോഷത്തിന്‍റെ ഈ ഉത്സവത്തിൽ എല്ലാവർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ. എല്ലാവരുടെയും ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു" എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു .







.