"യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്" : പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷമായ യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി വിവിധയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടായതിനെതിരെ പരക്കെ ആക്ഷേപങ്ങളും നിരവധി പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഔദ്യോഗിക സർക്കുലർ കൈമാറിയിട്ടുണ്ട്.
ചില പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും പ്രാദേശിക ഉത്സവങ്ങളിലും ഔദ്യോഗിക വേഷത്തിൽ സജീവമായി പങ്കെടുക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ റീൽസ് രൂപത്തിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. സേനയുടെ നിഷ്പക്ഷതയെയും അന്തസ്സിനെയും ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും അനുവദിക്കാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിനോ സുരക്ഷാ ചുമതലകൾക്കോ വേണ്ടിയല്ലാതെ, യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആഘോഷങ്ങൾക്കോ വേണ്ടി ഉദ്യോഗസ്ഥർ ഒത്തുചേരരുതെന്നാണ് വിലക്ക്.