ഭക്ഷ്യ വിഷബാധ : റോസ് ബ്രാന്‍ഡ് അരിയുടെ ബ്രാൻഡ് അംബാസഡർ ദുല്‍ഖർ സല്‍മാൻ മൂന്നാം പ്രതി

പത്തനംതിട്ട: നടൻ ദുൽഖർ സൽമാൻ ബ്രാൻഡ് അംബാസഡറായ റോസ് ബ്രാന്‍ഡ് ബിരിയാണി അരിയെ സംബന്ധിച്ച പരാതിയിൽ ദുൽഖറിനെതിരെ നോട്ടിസ്. വിവാഹ സത്‌ക്കാരത്തിൽ റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചു തയ്യാറാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതിനെ തുടർന്നാണ് നോട്ടിസ്. ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നടന് നോട്ടിസ് ലഭിച്ചിരിക്കുന്നത്.ദുല്‍ഖർ സല്‍മാനെ കൂടാതെ റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്‌ടറും മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട മാനേജരും കമ്മിഷനില്‍ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. കാറ്ററിങ് കരാറുകാരനായ പത്തനംതിട്ട വള്ളിക്കോട് പൗർണമി വീട്ടിൽ പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.മാനേജിങ് ഡയറക്‌ടർ തലശേരി എ.കെ ട്രേഡേഴ്‌സ് ഒന്നാം പ്രതിയും മലബാർ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും ബ്രാൻഡ് അംബാസഡർ ദുല്‍ഖർ സല്‍മാൻ മൂന്നാം പ്രതിയായും ആയാണ് കമ്മിഷനില്‍ ഹർജി ഫയല്‍ ചെയ്‌തത്. 2025 ഓഗസ്‌റ്റ് 24 നാണ് സംഭവം നടന്നത്. കോന്നി വള്ളിക്കോട് നടന്ന വിവാഹ സത്‌ക്കാരത്തിനായി ഭക്ഷണം തയ്യാറാക്കാൻ കാറ്ററിങ് കരാറുകാരൻ റോസ് ബ്രാൻഡ് ബിരിയാണി അരിയാണ് വാങ്ങിയത്.50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കിയിരുന്നത്. തുടർന്ന് ഈ അരിയിൽ തയ്യാറാക്കിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി. ബിരിയാണി റൈസ് ചാക്കില്‍ പാക്കിങ് തീയതിയും എക്‌സ്‌പയറി തീയതിയും ഉണ്ടായിരുന്നില്ലെന്നുമാണ് കാറ്ററിങ് കരാറുകാരൻ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനിൽ അറിയിച്ചത്. തുടർന്ന് കാറ്ററിങ് കരാറുകാരൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർ ഹാജരാകാൻ കമ്മിഷൻ നോട്ടിസ് നൽകിയിരിക്കുന്നത്.