ദളിത് പീഡനം : ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വൃദ്ധനെ കൊണ്ട് നിലം നക്കിച്ചതായി പരാതി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വൃദ്ധനെ കൊണ്ട് നിലം നക്കിച്ചതായി പരാതി. ദീപാവലി ദിനത്തിലാണ് സംഭവം. പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. 60 കാരനായ രാംപാൽ റാവത്താണ് ആക്രമണത്തിനിരയായത്.തിങ്കളാഴ്‌ച വൈകുന്നേരം 7 മണിയോടെ ആയിരുന്നു സംഭവം. ലഖ്‌നൗവിലെ കകോരി പ്രദേശത്തുള്ള ശീത്‌ല മാതാ മന്ദിറിൽ വൃദ്ധൻ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ സ്വാമി കാന്ത് എന്നൊരാൾ വന്ന് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ജാതീയ അധിക്ഷേപം നടത്തി ഭീഷണിപ്പെടുത്തിയെന്നാണ് വൃദ്ധൻ പോലീസിൽ പരാതിനൽകിയിരിക്കുന്നത് .
കുടിച്ചുകൊണ്ടിരുന്ന വെള്ളമാണ് നിലത്ത് വീണതെന്ന് പറഞ്ഞിട്ടും തൻ്റെ നേരെ ജാതീയ അധിക്ഷേപം നടത്തിയെന്നും നിലത്തുള്ള വെള്ളം നക്കാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന് രാംപാൽ റാവത്ത് പറയുന്നു. എന്നാൽ തൻ്റെ മുത്തച്ഛന് ശ്വാസ തടസ പ്രശ്‌നങ്ങളുണ്ടെന്നും ചുമച്ചപ്പോള്‍ അബദ്ധത്തിൽ മൂത്രം ഒഴിച്ചു പോയതാവാമെന്നുമാണ് രാംപാൽ റാവത്തിൻ്റെ ചെറുമകൻ മുകേഷ് കുമാർ പറയുന്നത്. "എൻ്റെ മുത്തച്ഛന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. നിർദേശിച്ച മരുന്നുകൾ കഴിച്ചില്ലെങ്കിൽ അദ്ദേഹം ജീവിച്ചിരിക്കില്ല. ഇന്നലെ വൈകുന്നേരം അദ്ദേഹം ചുമയ്ക്കാൻ തുടങ്ങി."- മുകേഷ് കുമാർ പറഞ്ഞു."തൻ്റെ മുത്തച്ഛൻ ഭയന്നുപോയി. നക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്‌തു. ഇതിനുശേഷം, പ്രതി രാംപാലിനെ സ്ഥലം കഴുകാൻ നിർബന്ധിച്ചു' എന്നും അദ്ദേഹം അവകാശപ്പെട്ടു. "രാത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് എൻ്റെ മുത്തച്ഛൻ ആരോടും പറഞ്ഞില്ല. ഇന്നാണ് നടന്ന സംഭവം അദ്ദേഹം അറിയിച്ചത്. ഇതിനെ തുടർന്ന് ഞങ്ങൾ പൊലീസിൽ പരാതി നൽകി," എന്നും മുകേഷ് കുമാർ കൂട്ടിച്ചേർത്തു.മുത്തച്ഛൻ മൂത്രമൊഴിച്ചെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് കുറഞ്ഞത് 40 മീറ്റർ അകലെയാണ് പ്രധാന ക്ഷേത്രമെന്നും മുകേഷ് കുമാർ പറഞ്ഞു.
സ്വാമി കാന്തിനെതിരെ ബിഎൻഎസ് സെക്ഷൻ 115(2) (പരിക്കേൽപ്പിക്കൽ), 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തു.അതേസമയം ദളിത് പുരുഷനെ നിർബന്ധിച്ച് നിലത്ത് തൊടീക്കുക മാത്രമാണ് ചെയ്‌തതെന്നാണ് പ്രതിയുടെ അവകാശ വാദം. അതേസമയം പരാതി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്.ആരെങ്കിലും തെറ്റ് ചെയ്‌താൽ തന്നെ അവർക്ക് അപമാനകരവും മനുഷ്യത്വരഹിതവുമായ ശിക്ഷ നൽകാൻ കഴിയില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നടന്ന ഈ സംഭവം മനുഷ്യത്വത്തിനേറ്റ കളങ്കമാണ് എന്ന് കോൺഗ്രസ് വിമർശിച്ചു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും ഇവർ പറഞ്ഞു."ആർഎസ്‌എസ്- ബിജെപിയുടെ ദളിത് വിരുദ്ധ മാനസികാവസ്ഥയുടെ പ്രതീകമാണ് ഈ സംഭവം. ദലിതരോടുള്ള വിദ്വേഷം അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതുകൊണ്ടാണ് അവർ ഭരണഘടന നിർത്തലാക്കാനും രാജ്യത്ത് 'മനുവാദം' നടപ്പിലാക്കാനും ആഗ്രഹിക്കുന്നത്. അങ്ങനെ അവർക്ക് ജാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ ചൂഷണം ചെയ്യാൻ കഴിയും," എന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
ദളിത് യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ച് മൂവർ സംഘം
ഭോപ്പാലിൽ ദളിത് യുവാവിനെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഭിന്ദിലെ അജുദ്ദിപുര സ്വദേശിയായ യുവാവാണ് മൂന്നംഗ സംഘം മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തെന്ന പരാതി നൽകിയത്. ദീപാവലി ദിനത്തിലാണ് ആക്രമണമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
ചങ്ങലകൊണ്ട് കെട്ടി നാല് മണിക്കൂർ മർദിച്ചെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് . ഇരയായ ദളിത് യുവാവ് ഗ്വാളിയോറിൽ ഡ്രൈവറാണ്."തിങ്കളാഴ്‌ച സോനു ബറുവ, അലോക് ശർമ്മ, ഛോട്ടു എന്നിവർ ഗ്വാളിയോറിലെ എൻ്റെ വീട്ടിലേക്ക് വന്നു. കുറച്ചധികം ദിവസങ്ങൾ ജീപ്പ് ഓടിക്കാൻ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. വണ്ടി അവർക്ക് കൊടുത്തുവിടാൻ താത്പത്യമില്ലായിരുന്നതിനാൽ അവരുടെ ആവശ്യത്തെ ഞാൻ എതിർത്തു" എന്ന് ഇരയായ യുവാവ് പറഞ്ഞു.ഇതിനുശേഷം, സംഘം ഗ്വാളിയോറിലെ വീട്ടിൽ വീണ്ടുമെത്തി. അവർ യുവാവിനെ അവരുടെ കാറിൽ കയറ്റി ഭിന്ദിലേക്ക് കൊണ്ടുപോയി. സെമ്രാപുരയിൽ എത്തിയപ്പോൾ വഴിയിൽ കാർ നിർത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്‌തെന്ന് യുവാവ് പറയുന്നു.അതിന് ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും സോനു ബറുവയുടെ വീട്ടിലേക്ക് യുവാവിനെ കൊണ്ടുപോയി അവിടെ വച്ച് ചങ്ങലകൊണ്ട് കെട്ടി നാല് മണിക്കൂർ തുടർച്ചയായി മർദിച്ചെന്നും യുവാവ് ആരോപിച്ചു.
ആദ്യം ഇര പൊലീസിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നില്ല. പിന്നീട് സംഭവത്തിൽ ഭീം ആർമി ഇടപ്പെട്ടു. സുർപുര പൊലീസ് സ്റ്റേഷൻ ഭീം ആർമി പ്രവർത്തകർ വളഞ്ഞു. ദളിത് നേതാക്കൾ പൊലീസിനോട് എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു. അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
"ഞങ്ങൾക്ക് ഫോണിലൂടെ വിവരം ലഭിച്ചു. അതിനുശേഷം, ഞങ്ങൾ സ്ഥലത്തെത്തി ഇരയെ രക്ഷപ്പെടുത്തി. വൈകുന്നേരം 7 മണിക്ക് ഞങ്ങൾ പൊലീസിനെ സമീപിച്ചപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നില്ല. പൊലീസ് സ്റ്റേഷൻ വളഞ്ഞതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തത്" എന്ന് ഭീം ആർമി നേതാവ് ദേശ്‌രാജ് ലഹരിയ പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച രാത്രി കേസ് രജിസ്റ്റർ ചെയ്‌തതായി ഭിന്ദ് പൊലീസ് സ്റ്റേഷൻ എഎസ്‌പി സഞ്ജീവ് പഥക് പറഞ്ഞു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കള്ളക്കേസിൽ കുടുക്കിയതാണെന്ന് പ്രതിയുടെ കുടുംബം
മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവത്തിൽ പ്രതിപട്ടികയിലുള്ള അലോക് ശർമ്മയ്‌ക്ക് പങ്കില്ലെന്നും കുടുംബം പറയുന്നു. "തൻ്റെ സഹോദരനെ കള്ളക്കേസിൽ കുടുക്കുകയാണ്. മൂന്ന് യുവാക്കൾ അവനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആക്രമിച്ചതായും മൂത്രം കുടിപ്പിച്ചതായും കള്ളക്കേസ് വന്നത്" - അലോക് ശർമ്മയുടെ സഹോദരൻ സൗരഭ് ശർമ്മ പറയുന്നു.ജബൽപൂരിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. അക്രമികൾ ഒരു യുവാവിനെ ക്രൂരമായി മർദിക്കുകയും അയാളുടെ മേൽ മൂത്രമൊഴിക്കുകയും ചെയ്‌തു. ഷാഹ്‌ഡോളിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കാത്തതിന് പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ യുവാവ് ഉന്നയിച്ചിട്ടുണ്ട്.