സ്കൂൾ ബസിന് മുകളിൽ മരം വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം

മുംബൈ: സ്കൂൾ ബസിന് മുകളിൽ മരം വീണ് 11 വയസ്സുകാരൻ മരിച്ചു. മുംബൈ ചെമ്പൂരിലെ യൂണിവേഴ്സൽ സ്കൂൾ ബസ്സിന് മുകളിലേക്ക് വൻമരം കടപുഴകി വീണാണ് വിഹാൻ ശ്രീവാസ്തവ എന്ന വിദ്യാർത്ഥി മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ക്രിക്കറ്റ് താരമാകാൻ അതിയായി ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നു വിഹാൻ. അപകടത്തിന് ശേഷവും മകന്റെ ക്രിക്കറ്റ് ബാറ്റ് നെഞ്ചോട് ചേർത്ത് പിടിച്ച്, അവൻ വൈകാതെ തിരിച്ചെത്തി കളിക്കാൻ പോകുമെന്ന് പറയുന്ന അമ്മയുടെ അവസ്ഥ കണ്ടുനിന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.
വിഹാന്റെ സ്വപ്നങ്ങളെക്കുറിച്ച് അയൽവാസിയും സുഹൃത്തുമായ രാജി മൽഹോത്ര പറയുന്നത് ഇങ്ങനെ: “അവൻ വളരെ ബുദ്ധിമാനായ കുട്ടിയായിരുന്നു. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചായിരുന്നു സംസാരം. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനാകണമെന്നതായിരുന്നു അവന്റെ വലിയ ആഗ്രഹം.” വിഹാന്റെ അമ്മയ്ക്ക് അവൻ ലോകമായിരുന്നു എന്നും, ആ വേർപാട് ഉൾക്കൊള്ളാൻ അവർക്കായിട്ടില്ലെന്നും അയൽവാസികൾ പറയുന്നു.അപകടം നടന്നയുടൻ ബസ് കണ്ടക്ടറും നാട്ടുകാരും ചേർന്ന് നടത്തിയ ധീരമായ ഇടപെടലാണ് കൂടുതൽ വലിയ ദുരന്തം ഒഴിവാക്കിയത്. ബസ്സിലുണ്ടായിരുന്ന 13 കുട്ടികളിൽ 12 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചു. പരിക്കേറ്റ നാല് കുട്ടികളെ സമീപത്തെ സെൻ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മുംബൈ മേയർ റിതു താവ്ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബങ്ങളെ സന്ദർശിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മേയർ, അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.