അമേരിക്കൻ നയതന്ത്രജ്ഞരുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി

ന്യൂഡൽഹി: അമേരിക്കൻ നയതന്ത്രജ്ഞരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ന് ന്യൂഡൽഹിയിൽ വച്ചായിരുന്നു ഇരുകൂട്ടരുടേയും കൂടിക്കാഴ്‌ച. വ്യാപാരം, സുരക്ഷ എന്നിവയുൾപ്പെടെ ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി മൂന്നംഗ പ്രതിനിധി സംഘവുമായി ചർച്ച നടത്തി.യുഎസ് പ്രതിനിധി സംഘവുമായി നടന്നത് 'മികച്ച ആശയവിനിമയം' ആയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. "ജിമ്മി പാട്രോണിസ്, മൈക്ക് റോജേഴ്‌സ്, ആദം സ്‌മിത്ത് എന്നിവരടങ്ങുന്ന യുഎസ് നയതന്ത്രജ്ഞ സംഘത്തിൻ്റേ ഇന്ത്യാ സന്ദർശനമായിരുന്നിത്. ഇരുപക്ഷവും ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്‌ച" എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ വിവിധ വശങ്ങൾ, ഇന്തോ പസഫിക്, യുക്രെയ്ൻ സംഘർഷം എന്നിവ ചർച്ച ചെയ്‌തു. ഇത്തരം ഇടപെടലുകൾ എല്ലായ്‌പ്പോഴും നമ്മുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും യോഗത്തിൽ പങ്കെടുത്ത യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു."യുഎസ്-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച്, ശക്തമായ സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകളിലെ സഹകരണം എന്നിവയെക്കുറിച്ച്, ഇഎഎം എസ് ജയശങ്കർ, മൈക്ക് റോജേഴ്‌സ്, ആദം സ്‌മിത്ത്, ജിമ്മി പാട്രോണിസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ച ഇപ്പോൾ അവസാനിച്ചു" എന്ന് സെർജിയോ ഗോർ എക്‌സിൽ പറഞ്ഞു.പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. വ്യാപാര യുദ്ധത്തിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇന്ത്യൻ അമേരിക്കൻ കൂടിക്കാഴ്‌ച.