FIFA WORLD CUP 2026: കളി അവിശ്വസനീയം,അവർണ്ണനീയം ...!ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ്  പ്രീക്വാർട്ടർ പോരാട്ടത്തിൽ  അവിശ്വസനീയമായ ജയത്തോടെ അർജന്റീന  ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു . രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം കളിയിലേക്ക് അതിശക്തമായി തിരിച്ചുവന്ന മെസ്സിപ്പട, രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈജിപ്തിനെ ആവേശപ്പോരാട്ടത്തിൽ തകർത്തത്. വെറും 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ കളി മാറ്റിയെഴുതിയ മൂന്ന് ഗോളുകളും പിറന്നത്. പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ, ക്യാപ്റ്റൻ ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്.

അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശം നിറഞ്ഞ മത്സരത്തിന്റെ 15-ാം മിനിറ്റിൽ തന്നെ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ട് ഈജിപ്ത് ആദ്യ ഗോൾ നേടി. പ്രതിരോധ താരം യാസർ ഇബ്രാഹിമാണ് മനോഹരമായ ഒരു ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. ബോക്സിന് പുറത്തുനിന്നു മർവാൻ അറ്റിയ കൃത്യതയോടെ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ വെച്ച് യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.അതേസമയം, മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ അർജന്റീനയ്ക്ക് ലഭിച്ച രണ്ട് സുവർണ്ണ അവസരങ്ങളാണ് പാഴായത്. കളിയുടെ ഏഴാം മിനിറ്റിൽ ഈജിപ്ത് പോസ്റ്റ് ലക്ഷ്യമാക്കി എൻസോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. തുടർന്ന് 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് സൂപ്പർ താരം ലയണൽ മെസ്സി പാഴാക്കിയത് ലാറ്റിനമേരിക്കൻ ആരാധകരെ നിരാശരാക്കി. ഈ ലോകകപ്പിൽ മെസ്സി പെനൽറ്റി നഷ്ടപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, ഓസ്ട്രിയയ്‌ക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലും മെസ്സിക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

മത്സരത്തിന്റെ 79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു ലയണൽ മെസ്സി മനോഹരമായി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ കൃത്യമായ ഹെഡറിലൂടെ വലയിലെത്തിച്ചാണ് അർജന്റീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. കൃത്യം നാല് മിനിറ്റുകൾക്ക് ശേഷം സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് അർജന്റീനയുടെ രണ്ടാം ഗോളെത്തി. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ അനായാസം വെട്ടിച്ച് സഹതാരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച ലയണൽ മെസ്സി ഒരു ക്ലാസിക് ഷൂട്ടിലൂടെ ഈജിപ്ഷ്യൻ വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 21 ആയി ഉയർന്നു. തുടർന്ന് എൻസോ ഫെർണാണ്ടസും സ്കോർ ചെയ്തതോടെ അർജന്റീന ക്വാർട്ടറിലേക്ക് കുതിക്കുകയായിരുന്നു.