FIFA WORLD CUP 2026: സെമിഫൈനൽ'യുദ്ധം' തുടങ്ങുകയായി, ഫ്രാൻസും സ്പെയിനും നേർക്കുനേർ

FIFA WORLD CUP 2026: സെമിഫൈനൽ'യുദ്ധം' തുടങ്ങുകയായി,   ഫ്രാൻസും സ്പെയിനും നേർക്കുനേർ

ഡാളസ്:  ഫിഫ 2026 ലോകകപ്പിന്റെ ആവേശം നിറഞ്ഞ ആദ്യ സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ . ഇന്ത്യൻ സമയം നാളെ  പുലർച്ചെ 12:30-ന്  'തീപാറുംപോരാട്ട'ത്തിന് ടെക്സസിലെ ഡാളസ് സ്റ്റേഡിയം വേദിയാകും.

ടൂർണമെന്റിലുടനീളം ഫ്രാൻസിൻ്റെ കരുത്തായ  കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ എന്നിവരടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റനിരയുടെ വേഗതയും ആക്രമണവുമായിരിക്കും കാണികൾക്ക് ദർശിക്കാൻ കഴിയുക. കളിയിൽ പൂർണ്ണ നിയന്ത്രണം ഇല്ലെങ്കിൽ പോലും വെറും 5 അല്ലെങ്കിൽ 10 മിനിറ്റിലെ മിന്നും പ്രകടനം കൊണ്ട് എതിരാളികളെ തകർക്കാൻ ഡിദിയർ ദെഷാംപ്സിന്റെ സംഘത്തിന് കഴിയും. ഇതിനോടകം തന്നെ 8 ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുണ്ട്. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ചരിത്രനേട്ടമാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്.മറുവശത്ത്, തികഞ്ഞ നിയന്ത്രണത്തോടെയുള്ള പേസിംഗ് ഗെയിമാണ് സ്പെയിനിന്റെ ആയുധം. മധ്യനിരയിൽ റോഡ്രിയും പെദ്രിയും ചേർന്ന് കളിയുടെ താളം നിർണ്ണയിക്കുമ്പോൾ, പ്രതിരോധത്തിൽ ലാപോർട്ടയും കുബാർസിയും ചേർന്ന് കോട്ടകെട്ടുന്നു. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയിട്ടുള്ളത്. ഫ്രാൻസിന്റെ ആക്രമണവും സ്പെയിനിന്റെ കളി നിയന്ത്രണവും തമ്മിലുള്ള ഒരു യുദ്ധമായിരിക്കും ഇന്ന് നടക്കുക.




നിലവിലെ ഫുട്ബോളിന്റെ രാജാവായ എംബാപ്പെയും ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 18-കാരൻ ലാമിൻ യമാലും തമ്മിലുള്ള പോരാട്ടം കൂടിയാണിത്. സമീപകാല ചരിത്രം സ്പെയിനിനൊപ്പമാണ്. യൂറോ 2024-ലും കഴിഞ്ഞ വർഷത്തെ നേഷൻസ് ലീഗ് സെമിയിലും സ്പെയിൻ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു. കളിക്കളത്തിലെ തന്ത്രങ്ങൾക്ക് മുൻപേ പരസ്പരം സമ്മർദ്ദത്തിലാക്കാനുള്ള 'മൈൻഡ് ഗെയിംസ്' ഇരു ക്യാമ്പുകളിലും സജീവമാണ്. ഇന്ന് നടക്കുന്ന ഈ സെമിഫൈനൽ പോരാട്ടത്തിന് മുൻപായി താരങ്ങളും പരിശീലകരും നടത്തുന്ന പ്രസ്താവനകൾ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

“ഫ്രാൻസിന് ആരെങ്കിലും പേടിക്കാനുണ്ടെങ്കിൽ അത് ഞങ്ങളെയാണ്, കാരണം അവരെ ഞങ്ങൾ രണ്ടുതവണ തോൽപ്പിച്ചതാണ്,” എന്ന യമാലിന്റെ വാക്കുകൾ സ്പാനിഷ് നിരയുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നു.

യമാലിന്‍റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് മുന്നേറ്റ താരം നിക്കോ വില്യംസും രംഗത്തെത്തി. "ഞങ്ങൾ അവരെ ഒട്ടും ഭയപ്പെടേണ്ടതില്ല. മുൻപ് രണ്ടുതവണ അവരെ തോൽപ്പിച്ച് ഞങ്ങൾ അത് തെളിയിച്ചതാണ്. ഇത് അഹങ്കാരമല്ല, മറിച്ച് ടീമിനുള്ളിലുള്ള വലിയ ആത്മവിശ്വാസവും ചെറിയൊരു ഈഗോയുമാണ്," വില്യംസ് പറഞ്ഞു. 

"യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനാണ് മത്സരത്തിലെ ഫേവറിറ്റുകൾ "എന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് ഇതിനകം വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഫ്രാൻസിനെ തങ്ങൾക്ക് ഒട്ടും ഭയമില്ലെന്ന നിലപാടിലാണ് സ്‌പാനിഷ് മുന്നേറ്റനിര. 

ടൂർണമെന്‍റില്‍ എട്ട് ഗോളുകളുമായി ടോപ്പ് സ്കോറർ സ്ഥാനത്ത് നിൽക്കുന്ന ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ തടയുക എന്നതാണ് സ്പെയിൻ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ എംബാപ്പെ തന്നെ ഭയപ്പെടുത്തുന്നില്ലെന്നാണ് സ്പാനിഷ് പ്രതിരോധ താരം പൗ കുബാർസിയുടെ പ്രതികരണം. "എംബാപ്പെയുടെ മികവ് എല്ലാവർക്കും അറിയാം. കളിയിൽ അധികം പന്തു ലഭിച്ചില്ലെങ്കിൽ പോലും ഒറ്റ നീക്കം കൊണ്ട് മത്സരം മാറ്റാൻ അദ്ദേഹത്തിന് കഴിയും. എംബാപ്പെയും യമാലുമൊക്കെ അതുല്യ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ കളത്തിൽ 90 മിനിറ്റും പൂർണ്ണ ശ്രദ്ധയോടെ ഞങ്ങൾ ഡിഫൻഡ് ചെയ്യും," കുബാർസി കൂട്ടിചേർത്തു.റോഡ്രിയും പെദ്രിയും ചേർന്ന് മധ്യനിര പിടിച്ചെടുത്താൽ കളി സ്പെയിൻ നിയന്ത്രിക്കും. എന്നാൽ ഫ്രഞ്ച് മധ്യനിര പന്ത് പിടിച്ചെടുത്ത് കൗണ്ടർ അറ്റാക്കുകളിലേക്ക് കടന്നാൽ സ്പെയിൻ പ്രതിരോധം വിയർക്കും.

ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് സ്‌പെയിനും ഫ്രാൻസും പരസ്പരം ഏറ്റുമുട്ടുന്നത്. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകവേദിയിൽ ഇവരുടെ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നത്. മുൻപ് 2006 ജർമ്മനി ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് 3-1 ന് സ്പെയിനെ തകർത്തിരുന്നു. എന്നാൽ സമീപകാല ചരിത്രം സ്‌പെയിനാണ് അനുകൂലം. കഴിഞ്ഞ വർഷത്തെ യുവേഫ നേഷൻസ് ലീഗ് സെമിയിലും (5-4), തൊട്ടുപിന്നാലെ നടന്ന യുറോ കപ്പ് സെമിയിലും (2-1) ഫ്രാൻസിനെ തോൽപ്പിച്ചതിന്‍റെ വലിയ ആത്മവിശ്വാസം സ്‌പാനിഷ് പടയ്ക്കുണ്ട്. ഇത്തവണ ഫ്രാൻസിനെതിരെ വിജയങ്ങളുടെ ഒരു ഹാട്രിക് തികയ്ക്കാനാണ് സ്പെയിൻ ലക്ഷ്യമിടുന്നത്.