FIFA WORLD CUP 2026: സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച് ലാ റോഹ

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകം കാത്തിരുന്ന മഹാപോരാട്ടത്തിൽ ലയണൽ മെസ്സിയുടെ അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടു. അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ വിജയം പിടിച്ചെടുത്തത്. സ്പെയിനിന്‍റെ സൂപ്പർ താരം ഫെരാൻ ടോറസ് എക്സ്ട്രാ ടൈമിന്‍റെ 106-ാം മിനിറ്റിൽ നേടിയ മാന്ത്രിക ഗോളാണ് മത്സരത്തിന്‍റെ വിധി എഴുതിയത്. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.

മെസ്സിയുടെ സ്വപ്‌നം തകർത്ത് ഫെരാൻ ടോറസ്

കരിയറിലെ അവസാന ലോകകപ്പ് മത്സരമെന്ന് മെസ്സി സൂചന നൽകിയിരുന്ന ഫൈനലിൽ അര്‍ജന്‍റീനയ്ക്ക് കിരീടം നിലനിർത്താനായില്ല.കളി പൂർണ്ണമായും നിയന്ത്രിച്ചത് സ്പാനിഷ് പടയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഫെരാൻ ടോറസ് ഈ ലോകകപ്പിലെ തന്‍റെ ആദ്യ ഗോൾ 106-ാം മിനിറ്റിൽ നേടി. പെനാൽറ്റി ബോക്സിനുള്ളിൽ ഉയർന്നുവന്ന പന്ത് ഇടംകാൽ കൊണ്ട് അതിവേഗം അര്‍ജന്‍റീന വലയുടെ മുകൾഭാഗത്തേക്ക് അടിച്ചുകയറ്റിയാണ് ടോറസ് സ്പെയിനിന്‍റെ വിജയശില്പിയായത്.

റെക്കോർഡുകൾ തിരുത്തി സ്‌പാനിഷ് പട

ഈ വിജയത്തോടെ സ്പെയിൻ ഫുട്ബോളിൽ പുതിയൊരു ചരിത്രം പിറന്നു. സ്പെയിൻ വനിതാ ടീം 2023-ൽ ലോകകപ്പ് നേടിയിരുന്നു. ഇപ്പോഴിതാ പുരുഷ ടീമും കിരീടം ചൂടിയതോടെ, ഒരേസമയം പുരുഷ-വനിതാ ലോകകപ്പ് കിരീടങ്ങൾ കൈവശം വെക്കുന്ന ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറി. കൂടാതെ, ടൂർണമെന്‍റിലെ 8 മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിൻ, ഒരു ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങുന്ന ചാമ്പ്യന്മാരെന്ന റെക്കോർഡും സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളിൽ തോൽവിയറിയാതെ 38 മത്സരങ്ങൾ പൂർത്തിയാക്കിയ സ്പെയിൻ, യൂറോപ്പിലെ ഏറ്റവും നീളമേറിയ അപരാജിത കുതിപ്പിന്‍റെ റെക്കോർഡും തങ്ങളുടെ പേരിൽ കുറിച്ചു.

പോരാടി മെസ്സിയും എമിലിയാനോ മാർട്ടിനസും

സ്പെയിനിന്‍റെ ആക്രമണങ്ങൾക്ക് മുന്നിൽ അര്‍ജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ മിന്നും പ്രകടനമാണ് കളി എക്സ്ട്രാ ടൈം വരെ എത്തിച്ചത്. ലോകകപ്പ് ഫൈനലിൽ ഒരു റെക്കോർഡായ 12 സേവുകളാണ് മാർട്ടിനസ് നടത്തിയത്. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ പകരക്കാരൻ താരം ഗിയുലിയാനോ സിമിയോണിക്ക് ഗോൾ നേടാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്പാനിഷ് ഡിഫൻഡർ പോ കുബാർസിയെ ഫൗൾ ചെയ്തതിന് അര്‍ജന്‍റീനൻ താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ടീമിന് കനത്ത തിരിച്ചടിയായി. പത്ത് പേരുമായാണ് അര്‍ജന്‍റീന എക്സ്ട്രാ ടൈം കളിച്ചത്.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 48 ടീമുകളുടെ ഈ മഹാമേളയിലെ 104-ാമത്തെ മത്സരമായിരുന്നു ഇത്. എൺപതിനായിരത്തോളം കാണികൾ നേരിട്ടും, ലോകമെമ്പാടുമുള്ള 200 കോടിയിലധികം ആളുകൾ തത്സമയവും ഈ മത്സരം വീക്ഷിച്ചു. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, ടോം ക്രൂസ്, വിൽ ഫെറൽ, ഇതിഹാസങ്ങളായ സ്റ്റീഫൻ കറി, കെവിൻ ഡുറന്‍റ്, ടെന്നീസ് താരം കാർലോസ് അൽകാരാസ്, ഫുട്ബോൾ ഇതിഹാസങ്ങളായ കക്ക, ഡേവിഡ് ബെക്കാം, സിനദിൻ സിദാൻ തുടങ്ങി നിരവധി പ്രമുഖർ ഗാലറിയെ സജീവമാക്കി.

കിരീടനേട്ടത്തോടെ സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ (65 വയസ്സ്) ലോകകപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ കോച്ചെന്ന റെക്കോർഡും സ്വന്തമാക്കി. ഫൈനൽ വിസിലിന് ശേഷം അര്‍ജന്‍റീനൻ താരങ്ങൾ കണ്ണീരോടെ മൈതാനത്തിരുന്നപ്പോൾ, സ്പാനിഷ് താരങ്ങളും ആരാധകരും വലിയ രീതിയിലാണ് ചരിത്ര വിജയം ആഘോഷമാക്കിയത്