ഗുണ്ടാ സംഘാംഗങ്ങളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ന്യുഡൽഹി: ബിഹാറിൽ നിന്നുള്ള ഗുണ്ടാ സംഘാംഗങ്ങളെ പോലീസ് ഓപ്പറേഷനിൽ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാർ - ഡൽഹി പോലീസിൻ്റെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ബിഹാറിൽ നിന്നുള്ള 4ഗുണ്ടകളെ കൊലപ്പെടുത്തിയത്.പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിന് നേരെ വെടിയുതിർക്കുകയും തിരിച്ചുണ്ടായ വെടിവെപ്പിലാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . ബിഹാർ സ്വദേശികളായ രഞ്ജൻ പതക്, ബിംലേഷ് മഹ്‌തോ, മനീഷ് പതക്, അമൻ താക്കൂർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഇന്ന് പുലർച്ചെ 2.20നായിരുന്നു ഏറ്റുമുട്ടൽ. വെടിയേറ്റവരെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കുപ്രസിദ്ധ ഗുണ്ടകളെ കണ്ടെത്തിയത്.